ad
Deshabhimani

എം ഗിരീഷിന്റെ അറസ്‌റ്റ്‌

പൊലീസ്‌ രാജിനെതിരെ ജനരോഷം

സിപിഐ എം ജില്ലാ സെക്രട്ടിയറ്റംഗം  എം ഗിരീഷിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ  സിപിഐ എം കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധം  ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു

സിപിഐ എം ജില്ലാ സെക്രട്ടിയറ്റംഗം എം ഗിരീഷിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ സിപിഐ എം കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 18, 2026, 01:53 AM | 1 min read

കോഴിക്കോട്‌

ചേവായൂർ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന്റെ കള്ളപ്പരാതിയിൽ സിപിഐ എം ജില്ലാ സെക്രട്ടിയറ്റംഗം എം ഗിരീഷിനെ പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌ത ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ജനരോഷം. രണ്ടരവർഷം മുന്പുണ്ടായ സംഭവത്തിൽ വസ്‌തുതയില്ലെന്ന്‌ പൊലീസ്‌ കണ്ടെത്തിയ കേസ്‌ കുത്തിപ്പൊക്കി ഗിരീഷിനെയും എലത്തൂർ ബ്രാഞ്ചംഗം സി പി ജലീലിനെയും വധോദ്യമം ഉൾപ്പെടെ കൂട്ടിച്ചേർത്ത്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം അറസ്‌റ്റ്‌ ചെയ്‌തത്‌ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമാണ്‌. കോൺഗ്രസ്‌ നേതാക്കളുടെ ഇംഗീതത്തിന്‌ വഴങ്ങി പൊലീസ്‌ പ്രവർത്തിച്ചാൽ ശക്തമായ പ്രതിരോധം തീർക്കുമെന്നും പ്രതിഷേധ കൂട്ടായ്‌മ പ്രഖ്യാപിച്ചു. മുതലക്കുളത്തുനിന്ന്‌ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനം മാനാഞ്ചിറ ലൈബ്രറി പരിസരത്ത്‌ സമാപിച്ചു. പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ ഉദ്‌ഘാടനം ചെയ്തു. എം കെ രാഘവൻ എംപിയെയും കോൺഗ്രസ്‌ നേതാക്കളെയും ആക്രമിക്കുന്നത്‌ ടെലിവിഷനിൽ കണ്ട്‌ അതന്വേഷിക്കാനായി കൊടിയത്തൂരിൽ നിന്ന്‌ കോഴിക്കോട്ടെത്തിയപ്പോൾ മർദനമേറ്റെന്നാണ്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന്റെ വ്യാജപരാതി. എന്നാൽ സംഭവ ദിവസം എംപിക്ക്‌ മർദനമേറ്റിട്ടില്ലെന്ന കാര്യം എല്ലാവർക്കും അറിയാം. പരാതി വ്യാജമാണെന്ന്‌ മനസ്സിലാക്കിയതിനെ തുടർന്നാണ്‌ പൊലീസ്‌ നടപടി സ്വീകരിക്കാതിരുന്നത്‌. എന്നാൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ച്‌ പാർടി പ്രവർത്തകരെ വേട്ടയാടുകയാണ്‌. ഇത്തരം നടപടിയെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന്‌ എം മെഹബൂബ്‌ പറഞ്ഞു. ബുധനാഴ്‌ച കോഴിക്കോട്‌ സിഐടിയു ജില്ലാ ഭാരവാഹി യോഗം കഴിഞ്ഞ്‌ മടങ്ങവേയാണ്‌, മെഡിക്കൽ കോളേജ് അസി. കമീഷണർ പി പ്രമോദിന്റെ നേതൃത്വത്തിൽ എം ഗിരീഷിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക്‌ സമാപനം കുറിച്ച്‌ കോഴിക്കോട്ട്‌ നടത്തിയ മഹാറാലിയിൽ വിറളിപൂണ്ട കോൺഗ്രസ്‌ ഇതിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാൻ കള്ളക്കേസെടുക്കുകയാണ്‌. കെ രതീഷ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രദീപ്‌ കുമാർ, വി വസീഫ്‌, സി പി മുസാഫിർ അഹമ്മദ്‌ എന്നിവർ സംസാരിച്ചു. കെ ബൈജു സ്വാഗതം പറഞ്ഞു. സിപിഐ എം ട‍ൗൺ, നോർത്ത്‌, സ‍ൗത്ത്‌ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home