തോട്ടിൽവീണ പെൺകുട്ടിയെ രക്ഷിച്ചു
ജോർജ് പള്ളത്തുശേരിയെ അനുമോദിച്ചു

അണിയിൽ തോട്ടിൽവീണ വിദ്യാർഥിനിയെ രക്ഷിച്ച ജോർജ് പള്ളത്തുശേരിയെ പിടിഎ പ്രസിഡന്റ് എം പി പ്രശോഭ് പൊന്നാട അണിയിച്ചപ്പോൾ
വൈപ്പിൻ
ആഴമേറിയ അണിയിൽ പുത്തൻതോടിൽ മുങ്ങിത്താണ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച റിട്ട. കാർഷിക സർവകലാശാല ഉദ്യോഗസ്ഥൻ ജോർജ് പള്ളത്തുശേരിയെ സ്കൂൾ അധികൃതർ അനുമോദിച്ചു.
എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി സഹോദരിയോടൊപ്പം സൈക്കിളിൽ സ്കൂളിലേക്ക് വരുമ്പോഴായിരുന്നു അപകടം. അണിയിൽ തോടിനോട് ചേർന്നുള്ള ഇടറോഡിലെ വളവ് തിരിഞ്ഞുവരുമ്പോൾ നിയന്ത്രണംവിട്ട സൈക്കിളുമായി പെൺകുട്ടി തൊട്ടടുത്തുള്ള അണിയിൽത്തോട്ടിലേക്ക് വീഴുകയായിരുന്നു. പരിഭ്രാന്തയായ സഹോദരിയുടെ നിലവിളികേട്ട് സമീപത്ത് ചെടി നനച്ചുകൊണ്ടിരുന്ന ജോർജ് പള്ളത്തുശേരി വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിച്ചു.
അപകടം നടന്ന സമയത്ത് ജോർജിന്റെ സാന്നിധ്യം ഭാഗ്യമായെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.
സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് എം പി പ്രശോഭ് ജോർജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപിക സി രത്നകല, അധ്യാപകൻ ജോജോ വിക്ടർ എന്നിവർ സംസാരിച്ചു.









0 comments