print edition തയ്യാറെടുപ്പില്ലാതെ കെഎസ്ആർടിസി: ഗ്രാമീണസർവീസുകൾ വെട്ടി ശബരിമലയിലേക്ക് 457 ബസ്

തിരുവനന്തപുരം: ഗ്രാമീണമേഖലയിലടക്കം അഞ്ഞൂറോളം സർവീസുകൾ വെട്ടി ശബരിമലയിലേക്ക് പ്രത്യേക സർവീസ് നടത്താൻ കെഎസ്ആർടിസി. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലെ 457 ബസാണ് ശബരിമലയിലെ സ്‌പെഷൽ സർവീസാക്കുന്നത്. നവംബർ 14 മുതൽ ബസുകൾ ഹാജരാക്കാനാണ് ഉത്തരവ്. ഡിപ്പോകളിൽ പകരം സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി നടപടി എടുക്കുന്നില്ല. ബസുകൾ അറ്റകുറ്റപ്പണി നടത്തി സജ്ജമാക്കിയിട്ടുമില്ല. അറുന്നൂറോളം ബസുകൾ ഇപ്പോഴും കട്ടപ്പുറത്താണ്.
പത്തനംതിട്ട, കോട്ടയം ഡിപ്പോകൾക്ക് പുറമെ പുനലൂർ, കുമളി, അടൂർ, പന്തളം, വൈക്കം, കായംകുളം തുടങ്ങിയ പ്രാദേശിക ഡിപ്പോകളിൽനിന്നുള്ള ബസുകളാണ് ശബരിമലയിലേക്ക് അയക്കുന്നത്. ഇതോടെ ഇവിടങ്ങളിൽ യാത്രാക്ലേശം രൂക്ഷമാകും. ഇവിടെ ഓർഡിനറി സർവീസ് പിൻവലിച്ച് സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് സർവീസാക്കാനാണ് ആലോചിക്കുന്നത്.
കൂടുതൽ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാനും പദ്ധതിയിടുന്നുണ്ട്. സൗജന്യ യാത്രാപദ്ധതിയുടെ നഷ്ടം നികത്താൻ കെഎസ്‌ആർടിസിക്ക് സർക്കാർ ധനസഹായം നൽകാത്തതിനാൽ പല ബസുകളും പുറത്തിറക്കാനാകുന്നില്ല. നൂറോളം ബസ് സ്‌പെയർപാർട്സ് കിട്ടാത്തതിനാൽ സർവീസ് നടത്തുന്നില്ല. ജീവനക്കാർക്ക് ശമ്പളംനൽകാൻ എൽഡിഎഫ് സർക്കാർ പ്രതിമാസം നൽകിയിരുന്ന 50 കോടി രൂപയുടെ സഹായവും യുഡിഎഫ് സർക്കാർ വെട്ടിയിരുന്നു. പകരം ഉയർന്ന പലിശയ്ക്ക് കെഎഫ്സിയിൽനിന്ന് വായ്പയെടുത്താണ് പണം നൽകുന്നത്. ഈ ബാധ്യതകൂടി കെഎസ്ആർടിസിയുടെ ചുമലിലാണ്.








0 comments