Deshabhimani

print edition ശബരിമല തീർഥാടകർക്ക്‌ ഇൻഷുറൻസ്‌; മരിച്ചാൽ 2 ലക്ഷം രൂപവരെ സഹായം

Sabarimala
വെബ് ഡെസ്ക്

Published on Nov 14, 2026, 02:11 AM | 1 min read

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക്‌ എൽഐസിയുമായി ചേർന്ന്‌ ഇൻഷുറൻസ്‌ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌. മരിച്ചാൽ ആശ്രിതർക്ക്‌ രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കുമെന്ന്‌ പ്രസിഡന്റ്‌ കെ ജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീർഥാടനദിവസത്തിന്റെ തലേന്നുമുതൽ മൂന്നുദിവസത്തേക്കായിരിക്കും പരിരക്ഷ.


വെർച്വൽ ക്യൂ, സ്പോട്ട്‌ ബുക്കിങ്‌ വഴിയെത്തുന്നവർക്കായിരിക്കും ആനുകൂല്യം. അല്ലാതെയെത്തുന്നവരെ സംബന്ധിച്ച്‌ ബോർഡ്‌ പരിശോധിച്ച്‌ തീരുമാനിക്കും. തിങ്കൾ വൈകിട്ട്‌ നാലിന്‌ നടതുറക്കുന്നതിനുമുമ്പായി ഒരുക്കങ്ങൾ പൂർത്തിയാക്കും. ദിവസം 80,000 പേർക്കാണ്‌ ദർശനം. 50 ലക്ഷം ടിൻ അരവണ കരുതൽശേഖരമായി ഒരുക്കിയിട്ടുണ്ട്‌. ക്യൂ ഒഴിവാക്കാൻ അഞ്ചു ക‍ൗണ്ടറുകൾകൂടി അനുവദിക്കും. തപാൽവകുപ്പിന്റെ ക‍ൗണ്ടർ മുഖേനയും അരവണയും അപ്പവും ഓർഡർ ചെയ്യാം. തീർഥാടകരുടെ വിലാസത്തിൽ അയച്ചുനൽകും.


മലകയറുന്നതിനിടെ വിശ്രമത്തിനായി 200 സ്റ്റെയിൻലെസ്‌ സ്റ്റീൽ ബെഞ്ചുകൾ ഉറപ്പാക്കും. നിലയ്ക്കലിൽ 6000 പേർക്ക്‌ വിശ്രമിക്കാനാകുന്ന രണ്ടു ജർമൻപന്തലുകൾ സ്ഥാപിച്ചു. വഴിപാടുകൾക്ക്‌ ഡിജിറ്റൽ പേമെന്റുകൾ പ്രോത്സാഹിപ്പിക്കും. ഡോളി സർവീസുകൾ പ്രീപെയ്‌ഡായിരിക്കും. സന്നിധാനത്തെ തിരക്ക്‌ ഒഴിവാക്കാൻ എക്സിക്യൂട്ടീവ്‌ ഓഫീസിനുമുന്നിലെ ക‍ൗണ്ടറുകൾ മാറ്റും.


ചെങ്ങന്നൂർ ഭാഗത്തുനിന്നും കൊച്ചി വിമാനത്താവളത്തിൽനിന്നും വരുന്ന ടാക്സികൾ ചക്കുപാലംവരെ കടത്തിവിടും. ഇവിടെ പാർക്കിങ്ങുണ്ടാകും. റൂം ബുക്കിങ്ങിലെ സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിച്ചതായും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അംഗങ്ങൾ പി ഡി സന്തോഷ്‌കുമാറും കെ രാജുവും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home