പണയപ്പെടുത്തിയത് പത്ത് ഫ്‌ളാറ്റ്
വാടകയ്ക്കെടുത്ത ഫ്ലാറ്റുകൾ പണയപ്പെടുത്തി തട്ടിപ്പ്; തൃശൂർ സ്വദേശി അറസ്റ്റിൽ

വി ഡി ഡേവിസ്
കാക്കനാട്
വാടകയ്ക്കെടുത്ത പത്ത് അപ്പാർട്ട്മെന്റുകൾ ഉടമകൾ അറിയാതെ വ്യാജരേഖയുണ്ടാക്കി വിവിധ വ്യക്തികൾക്ക് പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശിയെ അറസ്‌റ്റ് ചെയ്‌തു. ഇരിങ്ങാലക്കുട ആളൂർ കല്ലേറ്റുംകര വേലൂക്കാരൻ വി ഡി ഡേവിസി(58) നെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്.
തൃക്കാക്കര വാഴക്കാല താണപാടത്തെ പത്ത് ഫ്ലാറ്റുകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ശിവദാസ് എൻ നായരുടെ ഭാര്യ അമൃത കെ അശോകിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ഫ്ലാറ്റുകൾ പ്രതി 2021 മുതൽ വാടകയ്ക്കെടുത്ത് താമസിപ്പിക്കുകയായിരുന്നു.
2023-ൽ വാടകക്കരാർ പുതുക്കിയെങ്കിലും വാടക കൃത്യമായി നൽകാതെ 15 ലക്ഷം രൂപ കുടിശ്ശിക വരുത്തിയെന്നും ഇവരുടെ പരാതിയിൽ പറയുന്നു. ഫ്ലാറ്റുകൾ പണയപ്പെടുത്തി ഉടമകളിൽനിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന രീതിയിൽ വ്യാജരേഖയുണ്ടാക്കി. ഇവ യഥാർഥ രേഖകളാണെന്ന് വിശ്വസിപ്പിച്ച് പ്രതി പത്ത് ഫ്ലാറ്റുകളും വിവിധ വ്യക്തികൾക്ക് പണയപ്പെടുത്തി വൻതുക തട്ടിയെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.








0 comments