print edition പനിപ്പേടിയിൽ കേരളം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്‌ചയ്ക്കിടയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 906 പേർക്ക്. സർക്കാർ ആശുപത്രികളിൽ മാത്രം 2414 പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. അഞ്ചുപേർ വിവിധ ദിവസങ്ങളിലായി മരിച്ചു.
കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ രോഗബാധിതർ. മഴയ്ക്ക് പിന്നാലെ അനുഭവപ്പെടുന്ന ഉയർന്ന ചൂടും ആർദ്രതയും ഡെങ്കി പരത്തുന്ന ‘ഈഡിസ്' കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമൊരുക്കി. ശുദ്ധജലം കെട്ടിക്കിടക്കുന്ന ചെറിയ ഇടങ്ങളിൽപ്പോലും ഇവ മുട്ടയിട്ട് പെരുകും.
പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ സ്വീകരിക്കാത്തതും വെല്ലുവിളിയായി. ശുചീകരണത്തിന് ആഹ്വാനം ചെയ്ത ഡ്രൈ ഡേ പോലും നിലച്ചമട്ടാണ്. എലിപ്പനി വ്യാപനവും ഗുരുതരം. രണ്ടാഴ്ചയ്ക്കിടെ 25 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 10 പേരുടെ പരിശോധനാഫലം വൈകുകയാണ്.
ബുധനാഴ്‌ച മാത്രം എലിപ്പനി ബാധിച്ച് അഞ്ചു ജീവൻ പൊലിഞ്ഞു. പ്രതിദിനം ചികിത്സ തേടുന്ന പനി ബാധിതരും കൂടുകയാണ്. രണ്ടാഴ്ചയ്ക്കിടെ 1.61 ലക്ഷം പേർ ഇൗ മാസം ചികിത്സതേടി. ഇതേ കാലയളവിൽ 12 ഇൻഫ്ലുവൻസ മരണവും റിപ്പോർട്ട് ചെയ്തു. 1587 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.










0 comments