print edition നിലമ്പൂർ ആയിഷയ്‌ക്ക് ഇന്ന് 91–ാം ജന്മദിനം; കാലത്തെ തോൽപ്പിച്ച പോരാളി

നിലമ്പൂർ: വേദിയിലേക്ക് കയറുമ്പോൾ കൈയടികൾക്കൊപ്പം കല്ലുകളും കാത്തിരുന്ന കാലമുണ്ടായിരുന്നു നിലമ്പൂർ ആയിഷക്ക്. ഭീഷണികൾക്കിടയിലും അഭിനയിച്ചു, വേദിയിലേക്ക് വെടിയുതിർത്തപ്പോഴും പിന്മാറിയില്ല. ജീവിതം അഭിനയത്തിൽനിന്ന് അകറ്റിയപ്പോൾ വർഷങ്ങളോളം പ്രവാസത്തിന്റെ ചൂടറിഞ്ഞു. എന്നിട്ടും അഭിനയിക്കാനുള്ള ആഗ്രഹംമാത്രം അവരിൽ മരിച്ചില്ല. പതിനഞ്ചാം വയസിൽ തുടങ്ങിയ ആ യാത്ര 91ലും തുടരുന്നു. ഒരിക്കലും തോൽക്കാത്ത ഒരു സ്ത്രീയുടെ അതിജീവനകഥയാണത്.
1935 സെപ്തംബർ 18ന് നിലമ്പൂർ മുക്കട്ടയിൽ മൂത്തേടത്ത് അഹമ്മദ്കുട്ടിയുടെയും കുഞ്ഞാച്ചുമ്മയുടെയും നാലാമത്തെ മകളായാണ് ആയിഷ ജനിച്ചത്. പുരുഷന്മാർ സ്ത്രീവേഷംകെട്ടി അഭിനയിച്ചിരുന്ന കാലത്താണ് ആയിഷ നാടകവേദിയിലെത്തുന്നത്. 1952ൽ നിലമ്പൂർ യുവജന കലാസമിതിയുടെ ‘ജ്ജ് നല്ല മന്സനാകാൻ നോക്ക്’ നാടകത്തിലൂടെ അരങ്ങേറ്റം. വീട്ടിലും സമൂഹത്തിലും എതിർപ്പുയർന്നു. ആയിഷ പിന്മാറിയില്ല. ഒളിച്ചായിരുന്നു നാടക പരിശീലനം.
രാത്രിയിൽ റിഹേഴ്സലിന് പോയി പുലർച്ചെ തിരിച്ചെത്തുന്ന ദിവസങ്ങൾ. കോഴിക്കോട് ഫറോക്ക് ലക്ഷ്മി കൊട്ടകയിൽ ആദ്യ അവതരണത്തിന് കമ്യൂണിസ്റ്റ് പാർടി വളന്റിയർമാർ കാവൽനിന്നു. വേദിയിലേക്ക് ജനം ഒഴുകി. ആയിഷയുടെ അഭിനയത്തിന് വലിയ സ്വീകാര്യതയായി. കൈയടികൾക്കൊപ്പം എതിർപ്പുകളും പിന്നാലെയെത്തി. മണ്ണാർക്കാട്ട് ആക്രമണവും ഫറോക്കിൽ കല്ലേറും നേരിട്ടു. മുട്ടത്തും നാദാപുരത്തും കല്ലേറുണ്ടായി. മഞ്ചേരി മേലാക്കത്ത് നാടകവേദിയിലേക്ക് എയർഗൺ ഉപയോഗിച്ച് വെടിവയ്‌പ്പുണ്ടായി. എന്നിട്ടും ആയിഷ പിന്മാറിയില്ല.
വെള്ളിത്തിരയിലും വേറിട്ട സാന്നിധ്യം
ഹിന്ദി ചിത്രം എലിഫെന്റ് ക്യൂൻ വഴി സിനിമയിലെത്തിയ ആയിഷ 1961ൽ ‘കണ്ടം ബെച്ച കോട്ട്’ ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധേയയായി. എൺപതിലധികം സിനിമകളിൽ വേഷമിട്ടു. 1983ൽ അഭിനയരംഗത്തുനിന്ന് മാറി സൗദിയിലേക്ക് പോയി. രണ്ട് പതിറ്റാണ്ടോളം അറബി വീടുകളിൽ ജോലിചെയ്തു. 2001ൽ ഇബ്രാഹിം വേങ്ങരയുടെ ‘ഉള്ളതു പറഞ്ഞാൽ’ നാടകത്തിലൂടെ വീണ്ടും അരങ്ങിൽ. പ്രവാസജീവിതം ‘ആയിഷ’ പേരിൽ സിനിമയായി. ജീവിതത്തെ ആസ്പദമാക്കി ‘കേരള നൂർജഹാൻ’ നാടകവും അരങ്ങിലെത്തി.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം, മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം, മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ഉപാധ്യക്ഷയായിരുന്നു. നിലമ്പൂർ വല്ലപ്പുഴയിൽ മകളുടെ മകൻ സുനിൽ ബാബുവിനും കുടുംബത്തിനുമൊപ്പമാണ് താമസം.










0 comments