print edition വ്യാജ നിയമനത്തിൽ ശമ്പളത്തട്ടിപ്പ്; യുഡിഎഫ് സിൻഡിക്കറ്റ് അംഗത്തിന് 6 വർഷം തടവ്

ഡോ. എൻ കെ ദീപക്
തലശേരി: കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർഥ ക്യാമ്പസിൽ പ്രൊഫഷണൽ അസിസ്റ്റന്റിനെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കി സാമ്പത്തികത്തട്ടിപ്പ് നടത്തിയ ഫിസിക്‌സ് വിഭാഗം തലവന് 6 വർഷം തടവും 80,000 രൂപ പിഴയും. കണ്ണൂർ ചിറക്കൽ ‘ദീപക്’ വീട്ടിൽ ഡോ. എൻ കെ ദീപകി (54)നെയാണ് തലശേരി വിജിലൻസ് കോടതി ജഡ്‌ജി കെ രാമകൃഷ്‌ണൻ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. കോൺഗ്രസ് അനുകൂലിയായ ദീപക് കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് അംഗവും ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗവുമാണ്. സിൻഡിക്കറ്റിലേക്ക് അടുത്തിടെ യുഡിഎഫ് സർക്കാർ നോമിനേറ്റു ചെയ്‌തതാണ്.
സ്വാമി ആനന്ദതീർഥ ക്യാമ്പസിലെ ഫിസിക്സ് വിഭാഗത്തിൽ പ്രൊഫഷണൽ അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാൻ 2008ൽ സർവകലാശാല രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് മറയാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഫിസിക്‌സ് വിഭാഗം തലവന്റെ ചുമതലയുണ്ടായിരുന്ന ദീപകിനായിരുന്നു പ്രൊഫഷണൽ അസിസ്റ്റന്റിനെ തെരഞ്ഞെടുക്കാനുള്ള ചുമതലയും.
ക്യാമ്പസിലെ മറ്റൊരു പ്രൊഫഷണൽ അസിസ്റ്റന്റിന്റെ സുഹൃത്തിന്റെ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സംഘടിപ്പിച്ച് പേരിനൊപ്പം മറ്റൊരു വിലാസം കൂട്ടിചേർത്ത് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് തട്ടിപ്പ്. പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തിയതായി സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ച് ശമ്പളയിനത്തിൽ പണം തട്ടിയെടുക്കുകയായിരുന്നു.
ലൈബ്രറി അസിസ്‌റ്റന്റായിരുന്ന സുരേന്ദ്രന്റെ പരാതിയിലാണ് ഡോ. ദീപകിനെ പ്രതിയാക്കി വിജിലൻസ് കണ്ണൂർ യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്‌തത്.










0 comments