print edition വീണ്ടും തീരുവ ഭീഷണി; റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പ്രതികാരച്ചുങ്കം

പ്രതീകാത്മക ചിത്രം
വാഷിങ്‌ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളുടെമേൽ 100 ശതമാനം വരെ അധികതീരുവ ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബിൽ സെനറ്റിനു പിന്നാലെ യുഎസ് ജനപ്രതിനിധി സഭയും പാസാക്കി. ട്രംപ് ഒപ്പുവയ്‌ക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. വ്യാപാര കരാറിനുള്ള ഇന്ത്യ–യുഎസ് ചർച്ച പുരോഗമിക്കുന്നതിനിടെയാണിത്.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ രാജ്യങ്ങൾക്ക് നൂറുശതമാനം തീരുവ ചുമത്താനാണ് നീക്കം. ജനപ്രതിനിധി സഭയിലെ 262 പേർ ബില്ലിനെ പിന്തുണച്ചു. എതിർത്തത് 159 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്.
പശ്‌ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുള്ള വിതരണ തടസ്സങ്ങൾക്കിടയിൽ ഈ വർഷം ഏപ്രിലിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 11 മാസത്തെ ഉയർന്ന നിരക്കിലെത്തി.
ഉൗർജസുരക്ഷയ്‌ക്ക് ഭീഷണി
ന്യൂഡൽഹി: യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ഇന്ത്യയുടെ ഉൗർജ സുരക്ഷയ്‌ക്ക് കടുത്ത ഭീഷണിയാണ്. നാലുവർഷമായി രാജ്യം ഏറ്റവും കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നാണ്. കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്ന റഷ്യൻ ക്രൂഡോയിലിനെ കൂടുതലായി ആശ്രയിക്കുന്നത് വഴി വൻതോതിൽ വിദേശനാണ്യം ലാഭിക്കാൻ രാജ്യത്തിന് സാധിക്കുന്നു. 2022ൽ റഷ്യൻ ക്രൂഡോയിൽ ഇറക്കുമതിയിലൂടെ ഒരു ലക്ഷം കോടിയിലേറെ രൂപയാണ് ലാഭിക്കാനായത്.
ജൂലൈയിൽ ദിവസവും 28 ലക്ഷം ബാരൽ റഷ്യൻ ക്രൂഡോയിലാണ് വാങ്ങിയത്. ആഗസ്‌തിൽ ഇറക്കുമതി 21 ലക്ഷം ബാരലായി കുറഞ്ഞു. വെനസ്വേലയിലെ ക്രൂഡോയിൽ വിൽപ്പനമേഖല അമേരിക്കൻ നിയന്ത്രണത്തിലായതോടെ അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടിയതാണ് ഇതിന്കാരണം. ഉൗർജ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശ മന്ത്രാലയം ആവർത്തിച്ചു.
ഉരുത്തിരിഞ്ഞുവരുന്ന വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായി ഉൗർജത്തിനായി വ്യത്യസ്‌ത സ്രോതസ്സുകളെ ആശ്രയിക്കുമെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
അംഗീകരിക്കില്ല: ചൈന
ബീജിങ്: അമേരിക്കയുടെ അധിക തീരുവ നീക്കത്തെ തള്ളി ചൈന. മറ്റ് രാജ്യങ്ങളുമായുള്ള തങ്ങളുടെ വ്യാപാര സഹകരണങ്ങളിൽ മൂന്നാം കക്ഷികൾ ഇടപെടരുതെന്ന് ചൈനീസ് വിദേശ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കയുടെ ഏകപക്ഷീയ നടപടിയെയും നിയമങ്ങൾ മറ്റ് രാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിനെയും എതിർക്കുമെന്ന് ചൈന വ്യക്തമാക്കി.










0 comments