print edition ‘റെഡിമെയ്‌ഡ് മൊഴി’യിൽ വിരലടയാളം പതിപ്പിച്ചു

ശശിധരൻ കർത്തയുടെ മൊഴി പിൻവലിച്ച് ഇഡി ഡയറക്‌ടർക്ക് അയച്ച സത്യവാങ്‌മൂലത്തിൽ നിന്ന്
കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് വീണ്ടും കനത്ത തിരിച്ചടി. കേസ് കെട്ടിച്ചമയ്‌ക്കാൻ ആയുധമാക്കിയ മൊഴികൾ പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത 2024ൽ നൽകിയ സത്യവാങ്മൂലം പുറത്തുവന്നു. മൂന്നു രേഖകളിൽ ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്നാണ് 2024 മെയ്15ന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
ആരോഗ്യപ്രശ്‌നങ്ങളാൽ കിടപ്പിലായിട്ടും അത് വകവയ്‌ക്കാതെയാണ് ഇഡി ചോദ്യംചെയ്‌തത്. പാർക്കിൻസൺസ്, മറവിരോഗം, ഹൃദ്‌രോഗം എന്നിങ്ങനെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്‌ടർ ബോധ്യപ്പെടുത്തിയെങ്കിലും മണിക്കൂറുകൾ ചോദ്യംചെയ്‌തു. ഇതിലുംഭേദം മരണമാണെന്ന് ചോദ്യംചെയ്യലിനിടെ ശശിധരൻ കർത്ത പറഞ്ഞതായി സഹോദരൻ എൻ അജിത്ത് കർത്ത മുഖേന ഇഡി ഡയറക്‌ടർക്ക് നൽകിയ മൊഴിപിൻവലിക്കൽ സത്യവാങ്മൂലത്തിൽ പറയുന്നു.
ഇഡിയുടെ കടുത്ത സമ്മർദത്തോടൊപ്പം മോശം ആരോഗ്യനിലയും കടുത്ത അസ്വസ്ഥത സൃഷ്‌ടിച്ചു. ഇഡി തയ്യാറാക്കിയ സ്റ്റേറ്റ്‌മെന്റ് എന്തെന്നുപോലുമറിയിക്കാതെ വിരലടയാളം പതിപ്പിച്ചു. മറ്റു രണ്ട് ഉദ്യോഗസ്ഥരെക്കൂടി വീട്ടിലേക്ക് വിളിച്ചുവരുത്തി രാത്രി പത്തുവരെ ചോദ്യംചെയ്‌തു. അവരുടെ മൊഴി എന്തെന്നുപോലും സഹോദരന് അറിയില്ല –അജിത്ത് സത്യവാങ്മൂലത്തിൽ പറഞ്ഞു. നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിനൊപ്പം കർത്തയുടെ ആരോഗ്യാവസ്ഥയും ചികിത്സാവിവരങ്ങളും വിശദമാക്കുന്ന റിപ്പോർട്ടും നൽകിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം സെക്‌ഷൻ 50 പ്രകാരമുള്ള മൊഴിയാണ് ശശിധരൻ കർത്തയുടേതായി രേഖപ്പെടുത്തിയത്. അനധികൃതമായി പലർക്കും പണം കൈമാറിയെന്നും ടി വീണയ്‌ക്ക് സേവനമൊന്നും നൽകാതെ പണംനൽകിയെന്നുമാണ് കർത്തയുടേതായി രേഖപ്പെടുത്തിയ മൊഴി.
സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ്‌കുമാർ, ചീഫ് ജനറൽ മാനേജർ പി സുരേഷ്‌കുമാർ എന്നിവരുടെ മൊഴിപിൻവലിക്കൽ സത്യവാങ്മൂലവും കഴിഞ്ഞദിവസം പുറത്തുവന്നു.










0 comments