സംഘടനാ തെരഞ്ഞെടുപ്പിൽ എതിർത്തവർക്കെതിരെ പ്രതികാരനടപടി
എക്‌സൈസിൽ വീണ്ടും കൂട്ടസ്ഥലംമാറ്റം


സ്വന്തം ലേഖകൻ
Published on Sep 18, 2026, 01:13 AM | 1 min read
കൊല്ലം
ഭരണാനുകൂല സംഘടനയ്ക്കെതിരെ സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും അവരെ പിന്തുണച്ചവരെയും കുട്ടത്തോടെ സ്ഥലംമാറ്റി യുഡിഎഫ് സർക്കാരിന്റെ പ്രതികാര നടപടി. തെരഞ്ഞെടുപ്പിൽ എതിർപ്പ് പ്രകടിപ്പിച്ച ജീവനക്കാരെയാണ് തിരഞ്ഞുപിടിച്ച് വിദൂര ഓഫീസുകളിലേക്ക് സ്ഥലംമാറ്റിയത്. ചെക്‌പോസ്റ്റുകളിലേക്കും വീടുകളിൽനിന്ന് 45മുതൽ 50കിലോമീറ്റർ വരെ ദൂരെയുള്ള ഓഫീസുകളിലേക്കും മാറ്റിനിയമിച്ചു. സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിലവിലിരിക്കെയാണ് എല്ലാം ലംഘിച്ച് ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ഒരുദിവസം മുന്പ് ഉത്തരവ് ഇറക്കിയത്. 30 സിവിൽ എക്‌സൈസ് ഓഫീസർമാർ, 14 പ്രിവന്റീവ് ഓഫീസർമാർ, രണ്ട് വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാർ എന്നിവർ ഉത്തരവിൽ ഉൾപ്പെടുന്നു. ഇതിൽ ഭരണാനുകൂല സംഘടനാപ്രവർത്തകർ സൗകര്യപ്രദമായ ഇടം ഉറപ്പാക്കിയിട്ടുണ്ട്. ചെക് പോസ്റ്റ് ട്രാൻസ്ഫറിന്റെ പേരിലാണ് പുതിയ സ്ഥലംമാറ്റം. സംഘടനാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി പാനലിന് എതിരെ മത്സരിച്ചവരെയാണ് വൈരാഗ്യബുദ്ധിയോടെ ട്രാൻസർ ചെയ്തിരിക്കുന്നത്. മലയോരമേഖലയിൽ താമസിക്കുന്ന ജീവനക്കാരെ കൊല്ലം, കരുനാഗപ്പള്ളി മേഖലകളിലേക്കും കരുനാഗപ്പള്ളി, കൊല്ലം ഭാഗത്തുള്ളവരെ മലയോരമേഖലയിലേക്കുമാണ് മാറ്റിയത്. കൂട്ടത്തിൽ അടുത്ത മാസങ്ങളിൽ വിരമിക്കുന്നവരുമുണ്ട്. സർക്കാർ 100ദിനം പിന്നിട്ടപ്പോൾ മൂന്നുതവണയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. എക്സൈസ് വകുപ്പിൽ അംഗബലം കുറവായതിനാലും കൃത്യമായ ജോലിസമയം ഇല്ലാത്തതിനാലും വിദൂരസ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ വീടുകളിലെത്താൻ ബുദ്ധിമുട്ടുകയാണ്. പുതിയ സ്ഥലംമാറ്റം വകുപ്പിന്റെ പ്രവർത്തനങ്ങളെയും പ്രതിസന്ധിയിലാക്കി. സർക്കാർ ഉത്തരവ് പ്രകാരം ‘ഇ റോൾ' മുഖേന ജീവനക്കാരിൽനിന്ന് ഓപ്ഷനുകൾ സ്വീകരിക്കുകയും അപ്രകാരം സൗകര്യപ്രദമായ രീതിയിൽ പൊതുസ്ഥലംമാറ്റം നടപ്പാക്കുകയും വേണമെന്നാണ് ചട്ടം. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഇതുവരെ ഇത്തരത്തിൽ ഓപ്ഷനുകൾ ക്ഷണിക്കുകയോ ഇ- റോൾ സംവിധാനം തുറന്നുനൽകുകയോ ചെയ്തിട്ടില്ല. പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽപ്പറത്തി, തികഞ്ഞ വൈരാഗ്യബുദ്ധിയോടെയാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയിരിക്കുന്നത്. ജനാധിപത്യപരമായി സംഘടനാ തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കാനും നിശ്ശബ്ദരാക്കാനുമുള്ള നീക്കമാണിത്. സ്ഥലംമാറ്റത്തിന് നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാർ.










0 comments