എസ്എഫ്ഐ തരംഗം
104 സ്‌കൂളിലും വെന്നിക്കൊടി


സ്വന്തം ലേഖകൻ
Published on Sep 18, 2026, 01:18 AM | 1 min read
കൊല്ലം
ജില്ലയിൽ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്ന 118 സ്‌കൂളിൽ 104 ഇടത്തും കരുത്ത് തെളിയിച്ച് എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം. രണ്ട് സ്‌കൂൾ കെഎസ്‌യുവിൽനിന്നും എബിവിപി, എഐഎസ്‌എഫ് എന്നിവയിൽനിന്ന് ഓരോ സ്‌കൂളും എസ്‌എഫ്‌ഐ പിടിച്ചെടുത്തു. "സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌എഫ്‌ഐ സാരഥികൾ മത്സരിച്ചത്. മാധ്യമവേട്ടകളെയും വലതുപക്ഷ കുപ്രചാരണങ്ങളെയും അതിജീവിച്ച് സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയാണ് എസ്‌എഫ്‌ഐ പൊതുവിദ്യാലയങ്ങളിൽ വെന്നിക്കൊടി പാറിച്ചത്. പാവുമ്പ എച്ച്‌എസ്, ബിജെഎസ്‌എം മഠത്തിൽ സ്കൂളുകൾ കെഎസ്‍യുവിൽനിന്ന് പിടിച്ചെടുത്തു. തഴവ എവിജിബിഎച്ച്‌എഎസ് എബിവിപിയിൽനിന്നും കരുനാഗപ്പള്ളി കെന്നഡി സ്കൂൾ എഐഎസ്എഫിൽനിന്നും എസ്‌എഫ്‌ഐ പിടിച്ചെടുത്തു. നീരാവിൽ എസ്‌എൻഡിപി എച്ച്‌എസ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്‌ച നടക്കും. മഹാഭൂരിപക്ഷം സ്‌കൂളുകളിലും എസ്‌എഫ്‌ഐക്ക് വിജയം സമ്മാനിച്ച പുരോഗമന വിദ്യാർഥി സമൂഹത്തെ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്‌തു. വിജയം ജനാധിപത്യ -മതനിരപേക്ഷ മൂല്യങ്ങൾക്കുള്ള വിദ്യാർഥികളുടെ പിന്തുണ വ്യക്തമാക്കുന്നതെന്ന് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് അസ്ലമും സെക്രട്ടറി എസ് വിഷ്‌ണുവും പറഞ്ഞു. വിദ്യാർഥികളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലകൊണ്ട ആശയങ്ങൾക്കാണ് പിന്തുണ ലഭിച്ചത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ക്യാമ്പസിൽ ജനാധിപത്യപരമായ ഇടപെടൽ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് ഈ വിജയം നൽകുന്നതെന്നും പ്രസ്‌താവനയിൽ പറഞ്ഞു.










0 comments