print edition മുണ്ടക്കൈ ടൗൺഷിപ്പിനോട് സർക്കാർ അവഗണന; വെയിലുകൊണ്ട് സോളാർ, പക്ഷേ വൈദ്യുതിയില്ല

മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതരുടെ ടൗൺഷിപ്പിലെ വീടുകൾക്ക് മുകളിൽ പ്രവർത്തിപ്പിക്കാതെ കിടക്കുന്ന സോളാർ പാനലുകൾ
കൽപ്പറ്റ: മുണ്ടക്കൈ ടൗൺഷിപ്പിനെ ഊർജ സ്വയംപര്യാപ്തമാക്കാൻ എൽഡിഎഫ് സർക്കാർ വീടുകൾക്ക് മുകളിൽ സ്ഥാപിച്ച സോളാർ പാനൽ പ്രവർത്തനക്ഷമമായില്ല. കുടുംബങ്ങൾ താമസം ആരംഭിച്ച് നാലുമാസം പിന്നിട്ടിട്ടും സോളാർ സംവിധാനത്തെ വൈദ്യുതി വിതരണ ഗ്രിഡുമായി യോജിപ്പിക്കാൻ കെഎസ്‌ഇബി നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് സർക്കാർ പരിതപിക്കുമ്പോഴാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാനാകുന്ന വൈദ്യുതി വേണ്ടെന്നുവയ്‌ക്കുന്നത്. സർക്കാർ മാറിയതോടെ രണ്ടാംഘട്ട വീടുകളിൽ സോളാർ സ്ഥാപിക്കുന്ന പ്രവൃത്തിയും നിലച്ചു.
എൽഡിഎഫ് സർക്കാർ വീട് കൈമാറിയപ്പോൾതന്നെ ഓരോവീട്ടിലും രണ്ട് കിലോവാട്ടിന്റെ സോളാർ പാനൽ സ്ഥാപിച്ചിരുന്നു. ശരാശരി ഒരുവീട്ടിൽനിന്ന് ദിവസം എട്ട് യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. നിലവിൽ താമസം ആരംഭിച്ച 178 വീടുകൾ കണക്കാക്കിയാൽ 1424 യൂണിറ്റ് വൈദ്യുതി ദിവസം ഉൽപ്പാദിപ്പിക്കാം. ഒരുബില്ലിങ് കാലയളവിൽ കുറഞ്ഞത് ഒരുവീട്ടിൽ 480 യൂണിറ്റും 178 വീട്ടിൽ 85,440 യൂണിറ്റും ഉൽപ്പാദിപ്പിക്കാനാകും.
ഓൺഗ്രിഡ് സംവിധാനം വഴിയാണ് ടൗൺഷിപ്പിലെ സോളാറിൽനിന്നുള്ള വൈദ്യുതിയുടെ ഉപയോഗവും ഉൽപ്പാദനവും കണക്കാക്കുന്നത്. ഉൽപ്പാദിപ്പിച്ചതിനേക്കാൾ കുറവ് വൈദ്യുതിയാണ് കുടുംബങ്ങൾ ഉപയോഗിച്ചതെങ്കിൽ അത് കണക്കാക്കി ഉപയോഗിക്കാത്ത വൈദ്യുതിയുടെ തുക കുടുംബങ്ങൾക്ക് വരുമാനമായി ലഭിക്കും.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) സിഎസ്‌ആർ ഫണ്ട് ഉപയോഗിച്ചാണ് എൽഡിഎഫ് സർക്കാർ ടൗൺഷിപ്പിൽ പദ്ധതി യാഥാർഥ്യമാക്കിയത്. ടൗൺഷിപ്പിൽ ഇനിയും നിർമിക്കാനുള്ള പൊതുകെട്ടിടങ്ങളിലും സോളാർ സ്ഥാപിക്കാൻ പണം അനുവദിച്ചിട്ടുണ്ട്.
ടൗൺഷിപ്പിൽ പൂർത്തിയാക്കേണ്ട 410 വീടുകളിലും സോളാറിലൂടെ വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചാൽ ദിവസം 3280 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. സംസ്ഥാനത്തിന് പുറത്തുനിന്ന് വലിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ ആലോചനകൾ നടത്തുമ്പോഴാണ് സ്വന്തമായി ഉൽപ്പാദിക്കാനാകുന്ന വൈദ്യുതി നഷ്ടപ്പെടുത്തുന്നത്.










0 comments