ad
Deshabhimani

print edition ഏഷ്യൻ ഗെയിംസ്: വരവേൽക്കുന്നു, ജപ്പാൻ

asian games
വെബ് ഡെസ്ക്

Published on Sep 16, 2026, 12:51 AM | 1 min read

നഗാേയ(ജപ്പാൻ): ഏഷ്യൻ ഗെയിംസിന്‌ മൂന്ന്‌ ദിവസം ശേഷിക്കെ കായികതാരങ്ങൾ ജപ്പാനിലേക്ക്‌ ഒഴുകിത്തുടങ്ങി. 45 രാജ്യങ്ങളിലെ 11,000 അത്‌ലീറ്റുകളെ വരവേൽക്കാൻ ഗെയിംസ്‌ വേദിയായ നഗോയ നഗരം സജ്ജമായി. 19 മുതൽ ഒക്‌ടോബർ നാലുവരെയാണ്‌ ഗെയിംസിന്റെ ഇരുപതാം പതിപ്പ്‌. മൂന്നാം തവണയാണ്‌ ജപ്പാൻ ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്‌ ആതിഥേയരാകുന്നത്‌. 1958ൽ ടോക്യോയും 1994ൽ ഹിരോഷിമയും ഗെയിംസിനെ വരവേറ്റു. അതിനേക്കാൾ പ്ര‍ൗഢിയിലാണ്‌ ഐച്ചി– നഗോയ നഗരം അണിഞ്ഞൊരുങ്ങുന്നത്‌.


ജപ്പാൻ ഇക്കുറി എന്ത്‌ വിസ്‌മയമാണ്‌ കരുതിവെച്ചതെന്ന്‌ ഉദ്‌ഘാടനചടങ്ങിൽ അറിയാം. ഉദ്‌ഘാടന, സമാപന ചടങ്ങുകൾ പലോമ മിസുഹോ സ്‌റ്റേഡിയത്തിലാണ്‌. 43 ഇനങ്ങളിലാണ്‌ മത്സരം. ദീപം തെളിയും മുമ്പെ ബാസ്‌കറ്റ്‌ബോളും ഫുട്‌ബോളും തുടങ്ങി. മോഡേൺ പെന്റാത്‌ലണും വോളിബോളും ഇന്ന്‌ തുടങ്ങും. വനിതാ ക്രിക്കറ്റ്‌ നാളെയാണ്‌. പുരുഷ ഫുട്‌ബോളിൽ ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയ ഖത്തറിനെ തോൽപ്പിച്ച്‌ തുടക്കമിട്ടു. ഉസ്‌ബെകിസ്ഥാൻ ഫിലിപ്പൈൻസിനെ 5–1ന്‌ കീഴടക്കി. പുരുഷ ബാസ്‌കറ്റ്‌ബോളിൽ ജപ്പാൻ, ചൈന, സ‍ൗദി അറേബ്യ, ഇറാൻ, ബഹ്‌റിൻ, ദക്ഷിണകൊറിയ, ജോർദാൻ, ചൈനീസ്‌ തായ്‌പേയ്‌ ടീമുകൾ ക്വാർട്ടറിലേക്ക്‌ മുന്നേറി.


നാളെ തുടങ്ങുന്ന വനിതാ ക്രിക്കറ്റിൽ എട്ട്‌ ടീമുകളാണ്‌. ഇന്ത്യ, ജപ്പാൻ, ബംഗ്ലാദേശ്‌, ചൈന, മലേഷ്യ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ്‌ ടീമുകൾ നേരിട്ട്‌ ക്വാർട്ടർ കളിക്കും. പുരുഷ ക്രിക്കറ്റ്‌ 24 മുതലാണ്‌. ഇന്ത്യൻ സംഘം ഗെയിംസ്‌ വേദിയിലെത്തി പരിശീലനം തുടരുന്നു. ടേബിൾ ടെന്നീസും ഫുട്‌ബോളും ചേർന്ന ടെക്ബോളിലും വനിതാ ക്രിക്കറ്റിലുമാണ്‌ നാളെ ഇന്ത്യയുടെ അരങ്ങേറ്റം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home