ad
Deshabhimani

സ്‌പോൺസർമാർ കൈവിടില്ല, ആദിത്യൻ ലോകകപ്പിൽ കളിക്കട്ടെ

ആദിത്യൻ വിനോദ്‌
avatar
എം അനിൽ

Published on Sep 16, 2026, 01:10 AM | 2 min read

കൊല്ലം

കൊല്ലത്തിന്റെ മണ്ണിൽനിന്ന്‌ ഫുട്ബോളിന്റെ മിനി പതിപ്പായ ഫുട്സാൽ ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ച ആദിത്യൻ റഷ്യയിൽ പോകാൻ സ്‌പോൺസർമാരെ തേടുന്നു. ഫുട്സാൽ ലോകകപ്പിൽ കളിക്കുകയെന്നത്‌ ആദിത്യന്റെ സ്വപ്‌നമായിരുന്നു. എന്നാൽ, സ്വപ്‌നം യാഥാർഥ്യമാക്കാൻ അവസരം കൺമുന്നിൽ വന്നിട്ടും റഷ്യയിലെത്താൻ ഇ‍ൗ വിദ്യാർഥിയുടെ കൈയിൽ പണമില്ല. കായിക പ്രേമികളും സംഘടനകളും പ്രസ്ഥാനങ്ങളും തന്നെ സഹായിക്കാൻ എത്തുമെന്ന പ്രതീക്ഷയിലാണ്‌ അയത്തിൽ സ്വദേശിയായ ആദിത്യൻ വിനോദ്‌. ഇന്ത്യൻ സോക്കർ ഫുട്ബോൾ ഫെഡറേഷന് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകാത്തതിനാൽ രാജ്യാന്തര ടൂർണമെന്റ് കളിക്കാൻ പോകുന്നതിന്റെ ചെലവുകൾ കളിക്കാർ തന്നെയാണ് കണ്ടെത്തേണ്ടത്. ‘സംഘടനകളും വ്യക്തികളും സഹായിക്കാൻ മുന്നോട്ടു വരുമെന്നുതന്നെയാണ്‌ പ്രതീക്ഷ. ഒരു കളിക്കാരൻ എന്ന നിലയിൽ എനിക്ക്‌ ലഭിച്ച വലിയ അവസരമാണിത്‌. ക്വയിലോൺ അത്‌ലറ്റിക്‌സ്‌ ക്ലബ്‌ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. കൂടുതൽ പേരുടെ സഹായം പ്രതീക്ഷിക്കുന്നു’–ആദിത്യന്റെ വാക്കുകളാണിത്‌. ഒക്ടോബർ ആറുമുതൽ 11 വരെയാണ്‌ മൈക്രോ ഫുട്സാൽ ലോകകപ്പ്‌. ഒരു ടീമിൽ 12 കളിക്കാരുണ്ടാകും. എന്നാൽ, ഒരുസമയം കളിക്കുന്നത്‌ അഞ്ചുപേരും. ലെഫ്റ്റ് വിങ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. ഫോർമേഷനിൽ പ്രതിരോധത്തിന്റെ റോളാണെങ്കിലും ഫുട്ബോളിന്‌ വിഭിന്നമായി ഫുട്സാലിൽ കളിക്കാർ സ്ഥാനംമറന്ന് കളിക്കേണ്ടതുണ്ട്. 20 മിനിറ്റ് വീതമുള്ള രണ്ട് പകുതികളിലായി ബാസ്ക്റ്റ്ബോൾ കോർട്ടിനോളം വലുപ്പംവരുന്ന ചെറിയ ഗ്രൗണ്ടിലാണ് ഫുട്സാൽ മത്സരം. ഗോവ മഡ്ഗാവിൽ നടന്ന അണ്ടർ-19 മൈക്രോ ഫുട്‌സാൽ ചാന്പ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് ആദിത്യനെ ലോകകപ്പ് ഇന്ത്യൻ ടീമിലേക്ക്‌ എത്തിച്ചത്‌. ഗോവയിലെ അന്തർ സംസ്ഥാന മത്സരങ്ങളിൽ കേരളം അടിച്ച ആറ് ഗോളിൽ നാലിനും വഴിയൊരുക്കിയത് ആദിത്യന്റെ മികവിലാന്‌. ഇടുക്കി മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ രണ്ടാംവർഷ ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദ വിദ്യാർഥിയായ ആദിത്യൻ അയത്തിൽ വിവേകാനന്ദ നഗർ തിരുവാതിരയിൽ വിനോദ്‌കുമാർ, രഞ്ജി വിനോദ്‌ എന്നിവരുടെ മകനാണ്‌. ചെറുപ്പം മുതൽ ഫുട്ബോൾ പ്രേമിയായിരുന്നു. കൊല്ലം ക്രിസ്തുരാജ് സ്കൂളിലും എസ്‌എൻ ട്രസ്‌റ്റ് എച്ച്എസ്എസിലും ഫുട്ബോൾ ടീം അംഗമായിരുന്നു. മൂന്നുവർഷം മുന്പാണ് ടർഫ് ഫുട്ബോൾ വഴി ഫുട്‌സാലിലേക്ക് എത്തുന്നത്. ഫുട്‌സാലിനു പുറമേ ദീർഘദൂര ഓട്ടത്തിലും സംസ്ഥാന ഗെയിംസിലും ഉൾപ്പെടെ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home