വാഹനം പാർക്ക് ചെയ്‌തതിനെ ചൊല്ലി തർക്കം
സെക്യൂരിറ്റി ജീവനക്കാരന് മർദനം: 2 പേർക്കെതിരെ കേസെടുത്തു

കൊച്ചി
പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. മട്ടാഞ്ചേരി പള്ളിപ്പറമ്പിൽ ലാസറിനാണ് (70) മർദനമേറ്റത്. ജഡ്‌ജസ് അവന്യുവിലെ ഫ്ലാറ്റിൽ 10ന് രാത്രി 8.10നായിരുന്നു സംഭവം. മർദനത്തിൽ ലാസറിന്റെ ഇടത് കൈക്കുഴ തെറ്റി. ഒന്നാംപ്രതിയായ കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയും രണ്ടാംപ്രതിയായ ജഡ്‌ജസ് അവന്യുവിലെ എ വൺ ഫ്ലാറ്റിലെ താമസക്കാരനായ സുരേഷ് കമ്മത്തിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
വാഹനം തെറ്റായ സ്ഥലത്ത് പാർക്ക് ചെയ്‌തത് ചോദ്യം ചെയ്‌തതിലുള്ള വിരോധത്തിൽ ലാസറിനെ ഒന്നാം പ്രതി മർദിച്ചതായാണ് എഫ്‌ഐആറിലുള്ളത്. ലാസർ തടയാൻ ശ്രമിച്ചപ്പോൾ എ വൺ ഫ്ലാറ്റിലെ താമസക്കാരനായ സുരേഷ് കമ്മത്തിനെ ഒന്നാംപ്രതി വിളിച്ചുവരുത്തി. തുടർന്ന് കമ്മത്ത് പറഞ്ഞതനുസരിച്ച് ലാസറിന്റെ നെഞ്ചത്തും ഇടിച്ചു. താഴെവീണ ലാസറിന്റെ ഇടതുതോളിൽ ഒന്നാംപ്രതി ചവിട്ടിയതായും എഫ്‌ഐആറിൽ പറയുന്നു.









0 comments