കേരള സിൻഡിക്കറ്റ്: സാമ്പത്തിക പ്രതിസന്ധിക്കിടെ സിറ്റിങ് ഫീ ഇരട്ടിയിലധികം വർധിപ്പിച്ചു

തിരുവനന്തപുരം: സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ കേരളയിൽ സിൻഡിക്കറ്റ് അംഗങ്ങളുടെ സിറ്റിങ് ഫീയും യാത്രാബത്തയും വർധിപ്പിച്ച് സർക്കാർ. സർവകലാശാല സിൻഡിക്കറ്റ് യുഡിഎഫ് സർക്കാർ പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന തീരുമാനം. സിറ്റിങ് ഫീ 750 രൂപയിൽനിന്ന് 2000 രൂപയാക്കി ഒന്നര ഇരട്ടിയിലധികം വർധനയാണ് വരുത്തിയത്. യാത്രാബത്ത കിലോമീറ്ററിന് ഒമ്പത് എന്നത് 15 രൂപയാക്കി. ചൊവ്വാഴ്‌ച ചേർന്ന സിൻഡിക്കറ്റ് യോഗമാണ് തീരുമാനമെടുത്തത്.
സർവകലാശാലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തീരുമാനം നടപ്പാക്കരുതെന്ന് ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. തീരുമാനം അപലപനീയമാണെന്ന് കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ഇടതുപക്ഷ അംഗങ്ങളുടെ തീരുമാനം അഭിനന്ദനീയമാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു. സർവകലാശാല സാമ്പത്തിക സ്ഥിതി അവതാളത്തിലാക്കരുതെന്ന നിലപാടിൽ ഇടതുപക്ഷ സർക്കാരിന്റെയും സിൻഡിക്കറ്റിന്റെയും കാലത്ത് യാത്രാബത്ത, സിറ്റിങ് ഫീ വർധന മാറ്റിവച്ചിരുന്നു.
നവതി ആഘോഷം
സർവകലാശാലയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനും മുപ്പതോളം ഗവേഷകർക്ക് പിഎച്ച്ഡി ബിരുദം നൽകാനും സിൻഡിക്കറ്റ് തീരുമാനിച്ചു. ആഘോഷത്തിന്റെ ഭാഗമായി 10 വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് സർവകലാശാല വാർത്താകുറിപ്പിൽ അറിയിച്ചു.










0 comments