print edition കലിക്കറ്റ് എൻഐടിയിൽ സംവരണം അട്ടിമറിച്ചു; ഫാക്കൽറ്റി നിയമനത്തിലും പ്രൊമോഷനിലും വ്യാപക ക്രമക്കേട്

ശ്രീനിവാസൻ ചെറുകുളത്തൂർ
Published on Sep 16, 2026, 01:30 AM | 1 min read
കുന്നമംഗലം: കലിക്കറ്റ് എൻഐടിയിൽ അധ്യാപക നിയമനങ്ങളിലും ആഭ്യന്തര പ്രൊമോഷനുകളിലും വ്യാപകമായി സംവരണം അട്ടിമറിച്ചതായി ആരോപണം. വിജ്ഞാപനത്തിന് വിരുദ്ധമായി പുതിയ മാനദണ്ഡം തിരുകിക്കയറ്റിയതോടെ എസ്‌സി/എസ്ടി വിഭാഗങ്ങൾ പൂർണമായി തഴയപ്പെട്ടു. 2025 സെപ്‌തംബർ 22ന് ഇറങ്ങിയ വിജ്ഞാപന പ്രകാരം അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 14 ആയിരുന്നു. എന്നാൽ അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം ആഭ്യന്തര സമിതിയുടെ നേതൃത്വത്തിൽ അധിക യോഗ്യതാ മാനദണ്ഡം (സ്റ്റേജ് 2 ക്രൈറ്റീരിയ) രഹസ്യമായി ഉൾപ്പെടുത്തി. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലോ അപേക്ഷ ക്ഷണിച്ചപ്പോഴോ ഇല്ലാതിരുന്ന കർശന നിബന്ധനകളാണ് ഇങ്ങനെ കൊണ്ടുവന്നത്.
ഉയർന്ന തസ്തികകളിലേക്ക് (പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ) യോഗ്യതയുള്ള എസ്‌സി/എസ്ടി അപേക്ഷകർ ഉണ്ടായിരുന്നിട്ടും പുതിയ സ്ക്രീനിങ് മാനദണ്ഡം ഉപയോഗിച്ച് ഇവരെ ഇന്റർവ്യൂവിന് പോലും വിളിക്കാതെ തഴഞ്ഞെന്നാണ് ആക്ഷേപം. നിയമനത്തിന് അംഗീകാരം നൽകാനായി വിളിച്ച ഗവേണിങ് ബോഡിയിൽ കേന്ദ്ര മന്ത്രാലയത്തിൽ നിന്നുള്ള പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി ഈ അട്ടിമറിക്ക് അംഗീകാരം നൽകിയെന്നും പറയുന്നു. ഗവേണിങ് ബോഡിയിൽ മൂന്ന് അംഗങ്ങൾ നിയമനത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതോടെയാണ് ഭൂരിപക്ഷം ഉയർത്താനായി കൂടുതൽ അംഗങ്ങളെ അടിയന്തരമായി നാമനിർദേശം ചെയ്യിച്ചത്. ഇങ്ങനെ ഭൂരിപക്ഷം ഉയർത്തിയാണ് 7ൽ 3 ഭൂരിപക്ഷത്തിൽ നിയമനം അംഗീകരിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ടിൽ നേരത്തെ നടന്ന റിക്രൂട്ട്‌മെന്റുകളിലും സമാനരീതിയിൽ റിസർവേഷൻ അട്ടിമറിക്കപ്പെട്ടതായി ആരോപണമുണ്ട്. 2023 ൽ 137 ഒഴിവുകളിലേക്ക് നടന്ന നിയമനത്തിൽ ജനറൽ വിഭാഗത്തിൽ പരമാവധി അനുവദനീയമായ സീറ്റുകളേക്കാൾ കൂടുതൽ പേരെ തിരുകിക്കയറ്റിയതായും പരാതി ഉയർന്നു. ബോർഡിന്റെ അംഗീകാരമില്ലാതെയായിരുന്നു ഈ നടപടി.









0 comments