വടകരയിൽ വീണ്ടും ബസുകളുടെ മിന്നൽ പണിമുടക്ക്

വടകര മാർക്കറ്റ് റോഡിൽ പാർക്കിങ് ഏരിയ രേഖപ്പെടുത്തുന്നു
വടകര
സ്വകാര്യ ബസുകളുടെ സർവീസ് ലിങ്ക് റോഡിൽനിന്ന് പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് വടകരയിൽ രണ്ടാംദിവസവും മിന്നൽ പണിമുടക്ക്. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് തിങ്കളാഴ്‌ച യൂണിയൻ നേതാക്കളും ബസുടമകളുമായി നടത്തിയ ചർച്ചയിൽ സമരം പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്‌ച ബിഎംഎസ് യൂണിയൻ സമരം നടത്തി. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേരുന്നതുവരെ സമരം നിർത്തിവയ്‌ക്കാനും ചൊവ്വാഴ്‌ച പഴയ സ്‌റ്റാൻഡിൽനിന്ന് ബസ് സർവീസ് പുനഃരാരംഭിക്കാനും ഗതാഗതക്കുരുക്കിനെക്കുറിച്ച് പൊലീസ് പരിശോധന നടത്തി രണ്ടുദിവസത്തിനുള്ളിൽ പരിഹാരം കണ്ടെത്തുമെന്നുമായിരുന്നു ചർച്ചയിലെ തീരുമാനങ്ങൾ. എന്നാലിത് ബിഎംഎസ് അട്ടിമറിച്ചു. വടകരയിൽനിന്ന് കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കൊളാവിപ്പാലം ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നത്. എംഎൽഎയുടെ സാന്നിധ്യത്തിൽ കലക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റോഡിൽ പാർക്കിങ് ഏരിയ അടയാളപ്പെടുത്താൻ തീരുമാനിച്ചിരുന്നു. തിങ്കൾ രാത്രിയിൽ നഗരസഭാ അധികൃതർ പാർക്കിങ് ഏരിയ അടയാളപ്പെടുത്തി. എന്നാൽ, തൊഴിലാളി യൂണിയൻ നേതാക്കളും ജില്ലാ പൊലീസ് മേധാവിയുമായി നടത്തിയ ചർച്ചയിലെടുത്ത തീരുമാനം ലംഘിച്ച് ബിഎംഎസ് പണിമുടക്കിന് ആഹ്വാനംചെയ്യുകയായിരുന്നു. സമരം തുടരുകയാണെങ്കിൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം. പണിമുടക്ക് പിൻവലിച്ച വിവരത്തെ തുടർന്ന് എത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കിട്ടാതെ വലഞ്ഞു. പുതിയ സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലുമായി നിരവധി യാത്രക്കാരാണ് ബസ് കിട്ടാതെ വലഞ്ഞത്.








0 comments