ബോർഡ്, കോർപറേഷൻ ചെയർമാൻ: ലീഗ് സമ്മർദം കോൺഗ്രസിൽ രോഷം

തിരുവനന്തപുരം: ബോർഡ്–കോർപറേഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവയുടെ വീതംവയ്പ് ഒൗദ്യോഗിക ചർച്ചയിലേക്ക് കടക്കാനിരിക്കെ യുഡിഎഫിൽ തർക്കം രൂക്ഷം. പ്രധാന ബോർഡുകളുടെ ചെയർമാൻ സ്ഥാനമുൾപ്പെടെ നാൽപതോളം പദവികളാണ് പ്രാഥമിക ചർച്ചയിൽ ലീഗ് ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
കൂടുതൽ എംഎൽഎമാരുള്ള കോൺഗ്രസിന് അർഹമായ സ്ഥാനംവേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. മുസ്ലിം ലീഗടക്കം ഘടകകക്ഷികൾക്ക് പ്രധാന പദവി നൽകേണ്ടതില്ലെന്നാണ് അവരുടെ വാദം.
ചെയർമാനും അംഗങ്ങളുമുൾപ്പെടെ നൂറോളംപേരെ പരിഗണിക്കണമെന്ന് കോൺഗ്രസുമായുള്ള ചർച്ചയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ലീഗുകാർ പറയുന്നു. ഭരണപരിഷ്-കാര കമീഷൻ ചെയർമാനായി എം കെ മുനീറിന്റെ പേരാണ് മുന്നിൽ. ന്യൂനപക്ഷ കമീഷനിൽ കെ പി എ മജീദ്. ഉമർ പാണ്ടികശാല, ഷാഫി ചാലിയം, സി എച്ച് റഷീദ്, മുജീബ് കടേരി തുടങ്ങിയവർക്ക് ചെയർമാൻ, സെക്രട്ടറി തുടങ്ങി ഏതെങ്കിലും പ്രധാന പദവികൾ നൽകണമെന്നും ധാരണയായി.
മുന്നാക്കസമുദായ കമീഷൻ ചെയർമാൻ സ്ഥാനത്ത് പി ജെ ജോസഫിനെയും ഡൽഹി പ്രതിനിധിയായി ജി ദേവരാജനെയും പരിഗണിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് ശ്രദ്ധേയ സ്ഥാനങ്ങൾക്ക് സാധ്യതയില്ലെന്നാണ് നേതാക്കൾക്ക് പരാതി. ബുധനാഴ്‌ച ഒൗദ്യോഗിക ചർച്ച ആരംഭിച്ചേക്കും.
നൂറ്റമ്പതോളം സ്ഥാപനങ്ങളിലാണ് നിയമനം നടക്കേണ്ടത്. ഉടൻ തീരുമാനമുണ്ടാക്കാൻ കെപിസിസി ഭാരവാഹി യോഗം തീരുമാനിച്ചിരുന്നു. 15നകം വിഭജനം സംബന്ധിച്ച് ധാരണയാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ യോഗത്തിൽ പറഞ്ഞെങ്കിലും തർക്കംമൂലം തീരുമാനം നീളുകയാണ്.









0 comments