ad
Deshabhimani

സർക്കാർ നീക്കം
ജനങ്ങളെ 
പിഴിയാനോ

deshabhimani editorial
വെബ് ഡെസ്ക്

Published on Sep 16, 2026, 01:30 AM | 2 min read

യുഡിഎഫിനാണ്‌ അധികാരം കിട്ടുന്നതെങ്കിൽ മുമ്പുണ്ടായതുപോലെ ഇരുണ്ടകാലത്തിലേക്കായിരിക്കുമോ സംസ്ഥാനം നീങ്ങുക എന്ന ആശങ്ക നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ ഉയർന്നിരുന്നു. അത്‌ അക്ഷരംപ്രതി ശരിയായിരിക്കുന്നു. പവർ കട്ടും ലോഡ്‌ ഷെഡിങ്ങും അധികം ഓർമയിൽ ഇല്ലാത്ത ക‍ൗമാരക്കാരും കുട്ടികളും പുതിയ സർക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായി അതൊക്കെ അനുഭവിച്ചുതുടങ്ങി. മാറ്റം പ്രകടമാണ്‌ എന്നർഥം. പുതുയുഗത്തിലേക്കല്ല, ഇരുണ്ടയുഗത്തിലേക്കാണ്‌ യുഡിഎഫ്‌ സർക്കാർ കേരളത്തെ നയിക്കുന്നത്‌. ഇതിനൊപ്പം വരുന്ന മറ്റൊരു വാർത്ത ആശങ്കപ്പെടുത്തുന്നതാണ്‌. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംകൊണ്ട്‌ നട്ടംതിരിയുന്ന ജനങ്ങൾക്ക്‌ വൈദ്യുതി നിരക്ക്‌ വർധിപ്പിച്ച്‌ മറ്റൊരു ഇരുട്ടടികൂടി സർക്കാർ നൽകാൻ പോകുന്നു. നിരക്ക്‌ വർധിപ്പിക്കേണ്ടിവരുമെന്നത്‌ വൈദ്യുതിമന്ത്രി സണ്ണി ജോസഫും സ്ഥിരീകരിച്ചിട്ടുണ്ട്‌.


കേരളത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്‌ വൈദ്യുതി എത്തിക്കാൻ എന്തുചെയ്‌തു എന്ന്‌ ജനങ്ങൾക്കുമുന്നിൽ ഇ‍ൗ സർക്കാർ പറഞ്ഞേ പറ്റൂ. 2006–11ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഒരുദിവസംപോലും ലോഡ്‌ ഷെഡിങ്‌ ഏർപ്പെടുത്തിയില്ല. മാത്രമല്ല, സമ്പൂർണ വൈദ്യുതീകരണത്തിലേക്കുള്ള നടപടികൾക്കും തുടക്കമിട്ടു. വൈദ്യുതി എത്താത്ത ഒരു വീടുപോലും ഉണ്ടാകരുതെന്ന എൽഡിഎഫ്‌ തീരുമാനത്തിന്റെ ഭാഗമായി അതിനുള്ള നടപടികൾ സ്വീകരിച്ചു. അതിന്‌ ഗുണമുണ്ടായി. എന്നാൽ, 2011ൽ ഉമ്മൻചാണ്ടി സർക്കാർ വന്നതോടെ ഇതെല്ലാം തകിടംമറിഞ്ഞു. തുടർച്ചയായ ലോഡ്‌ ഷെഡിങ്ങിൽ ജനങ്ങൾ വെന്തുരുകുകയും ഫാക്ടറികൾ അടഞ്ഞുകിടക്കുകയും ജീവൻരക്ഷാദ‍ൗത്യംപോലും അപകടകരമാവുകയും ചെയ്‌തപ്പോൾ, അന്നത്തെ സർക്കാരും വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദും കൈമലർത്തുകയായിരുന്നു. മഴക്കുറവാണ്‌ കാരണമെന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തൽ. ഇപ്പോഴത്തെ മന്ത്രി സണ്ണി ജോസഫ-്‌ ഒരുപടികൂടി കടന്ന്‌ മഴയ്-ക്കുവേണ്ടി പ്രാർഥിക്കാനാണ്‌ ജനങ്ങളോട്‌ ആവശ്യപ്പെട്ടത്‌.


സർക്കാർ കാര്യക്ഷമമായി ഇടപെട്ടാൽ ഇതിന്‌ മാറ്റംവരുമെന്ന്‌ 2016–26ലെ രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകളും തെളിയിച്ചു. രണ്ടു കാലയളവിലെയും മന്ത്രിമാർ എൽഡിഎഫിന്റെ നയങ്ങൾക്കനുസരിച്ച്‌ വകുപ്പിനെ നയിച്ചപ്പോൾ, അസാധ്യമായത്‌ ഒന്നുമില്ലെന്ന്‌ തെളിയിക്കപ്പെട്ടു. ആഭ്യന്തരോൽപ്പാദനം വർധിപ്പിച്ചതിനൊപ്പം ദീർഘകാല–ഹ്രസ്വകാല കരാറുകളിലൂടെയും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ കൈമാറ്റത്തിലൂടെയും വൈദ്യുതി ഉറപ്പാക്കി. പ്രസരണത്തിലെ നഷ്ടം കുറയ്-ക്കാൻ കൂടുതൽ സബ്‌സ്റ്റേഷനുകളും ട്രാൻസ്‌ഫോർമറുകളും സ്ഥാപിച്ചു. യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ചുപോയ കൊച്ചി–ഇടമൺ പവർ ഹൈവേ യാഥാർഥ്യമാക്കി. സ‍ൗരോർജം ഉപയോഗപ്പെടുത്താൻ നടപടികൾ സ്വീകരിച്ചു. ദീർഘകാല കരാറുകളിലൂടെമാത്രം എൽഡിഎഫ്‌ സർക്കാർ ഉറപ്പാക്കിയത്‌ 1393 മെഗാവാട്ട്‌ വൈദ്യുതിയാണ്‌. അതിനാൽ വൈദ്യുതിക്ഷാമമെന്നത്‌ കേരളം മറന്നു.


ഇരുട്ടിലാകാത്ത പത്തുവർഷത്തിനുശേഷം യുഡിഎഫ്‌ അധികാരത്തിൽവന്നതോടെ, നിഷ്‌ക്രിയനായ മന്ത്രിയും സർക്കാരുമാണ്‌ ഉള്ളതെന്ന്‌ തെളിഞ്ഞുകഴിഞ്ഞു. യുഡിഎഫിന്‌ വോട്ട്‌ ചെയ്‌തവർപോലും സർക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നു. പ്രതിഷേധം കനത്തപ്പോഴാണ്‌ സർക്കാർ അൽപ്പമെങ്കിലും ഉണർന്നത്‌. കുറഞ്ഞ വിലയ്-ക്ക് കർണാടകത്തിൽ വൈദ്യുതി ലഭ്യമാണെന്നറിഞ്ഞിട്ടും അതിന്‌ ശ്രമിക്കാതെ, യൂണിറ്റിന്‌ 30 രൂപവരെ കൊടുത്ത്‌ വാങ്ങാനാണ്‌ ആലോചിക്കുന്നതെന്ന്‌ വ്യക്തമാക്കപ്പെട്ടുകഴിഞ്ഞു. അതിനർഥം ഉപഭോക്താക്കൾ കൂടുതൽ വില നൽകേണ്ടിവരുമെന്നാണ്‌. യുഡിഎഫിനെ അധികാരത്തിലെത്തിച്ചതിനുള്ള സമ്മാനം. എത്രവരെ വില കൂട്ടുമെന്നത്‌ അറിയാനിരിക്കുന്നതേയുള്ളൂ. വൈദ്യുതിക്ക്‌ ക്ഷാമമാണെന്ന്‌ വരുത്തിത്തീർത്ത്‌, എത്ര വില നൽകിയാലും വൈദ്യുതി എത്തിക്കണമെന്ന ആവശ്യം ഉയർത്തിച്ച്‌, അധികവില നൽകേണ്ടിവരുമെന്ന പൊതുബോധം സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ. ഡൽഹിയിൽ മുമ്പ്‌ ഷീല ദീക്ഷിത്‌ നേതൃത്വം നൽകിയ കോൺഗ്രസ്‌ സർക്കാരും ഇതേ തന്ത്രമാണ്‌ പ്രയോഗിച്ചത്‌.


വൈദ്യുതിവിതരണം സ്വകാര്യവൽക്കരിക്കുകയും നിരക്കുകൾ വാനംമുട്ടെ എത്തുകയും ചെയ്‌തു. കേരളത്തിൽ യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോൾ തയ്യാറാക്കിയ ധവളപത്രത്തിൽ ‘നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ ഓഹരി വിൽക്കുകയോ ചെയ്യണം’ എന്ന നിർദേശമുണ്ട്‌. ഇപ്പോഴത്തെ സംസ്ഥാന ആസൂത്രണ കമീഷൻ വൈസ്‌ ചെയർപേഴ്‌സണിന്റെ നേതൃത്വത്തിലാണ്‌ ധവളപത്രം തയ്യാറാക്കിയത്‌. കെഎസ്‌ഇബിയുടെ കാര്യത്തിൽ ഇ‍ൗ ദിശയിലേക്ക്‌ സർക്കാർ നീങ്ങിയാൽ അത്ഭുതപ്പെടാനില്ല. കേന്ദ്രത്തിലെ മോദിസർക്കാർ വൈദ്യുതിമേഖലയിൽ പൂർണ സ്വകാര്യവൽക്കരണത്തിനായി നിലകൊള്ളുന്നവരാണ്‌. ഇതിനെ ശക്തമായി ചെറുത്താണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോയത്‌. ഇപ്പോൾ മറ്റെല്ലാ മേഖലയിലും എന്നപോലെ വൈദ്യുതിയുടെ കാര്യത്തിലും മോദി തെളിച്ച പാതയിൽ നീങ്ങാനാണ്‌ യുഡിഎഫ്‌ സർക്കാരിന്‌ താൽപ്പര്യമെന്നു കരുതാൻ എല്ലാ ന്യായവുമുണ്ട്‌. ഉയർന്ന നിരക്കുകൾ പ്രാബല്യത്തിൽ വരുത്തേണ്ടത്‌ സ്വകാര്യ കമ്പനികളുടെ അജൻഡയുടെ ഭാഗ
വുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home