print edition ഇഡിയുടെ കത്ത്: സർക്കാർ തീരുമാനത്തിന് കാത്തിരിക്കുന്നു: ഡിജിപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ കത്തിൽ സർക്കാരിന്റെ അഭിപ്രായത്തിന് കാത്തിരിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതി നിരോധനനിയമപ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
എസ്‌എഫ്‌ഐ നേതാക്കളെ കൈവിലങ്ങുവച്ച സംഭവം പരിശോധിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. കൈവിലങ്ങ് ഉപയോഗിക്കുന്നതുസംബന്ധിച്ച് കൃത്യമായ ചട്ടമുണ്ട്. നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരുന്നു. പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കും.
മുഖ്യമന്ത്രി വി ഡി സതീശനെതിരായ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസ് കത്ത് നൽകിയതിനെത്തുടർന്നാണ്. ഒന്പത് പരാതി ലഭിച്ചിരുന്നു.
പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് പിഎസ്‌സി ആസ്ഥാനത്തെത്തണമെന്ന ആവശ്യം ഗൗരവമുള്ളതല്ല. ഇക്കാര്യത്തിൽ എന്തുവേണമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് ഐജി പരിശോധിച്ച് തീരുമാനിക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.









0 comments