പവർകട്ട്: ഇൻവർട്ടർ, എമർജൻസി ലാന്പ് വിൽപ്പന കൂടി

സ്വന്തം ലേഖകൻ/സ്വന്തം ലേഖിക
Published on Sep 16, 2026, 01:16 AM | 1 min read
കൊല്ലം
സർക്കാർ പാളിച്ചയിൽ മുന്നറിയിപ്പില്ലാതെയുള്ള പവർകട്ട് തുടരുന്നതിനിടെ ഇൻവർട്ടറുകൾക്കും എമർജൻസി ലാന്പുകൾക്കും വിൽപ്പനക്കാലം. വൈദ്യുതിപോയാലും വെളിച്ചം മുടക്കാത്ത എൽഇഡി ബൾബുകൾക്കും ആവശ്യക്കാർ ഏറെ. ജില്ലയിലെ പ്രധാന ഇലക്‌ട്രോണിക്‌സ് വിൽപ്പനശാലകളിലെല്ലാം ഇവ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. തുടർച്ചയായ വൈദ്യുതി മുടക്കവും കടുത്തചൂടുമാണ് ഇൻവർട്ടറുകളുടെ വിൽപ്പന വർധിക്കാൻ ഇടയായത്. കടുത്ത ചൂടിനെത്തുടർന്ന് എയർ കണ്ടീഷണറുകൾ വീടുകളിൽ സർവസാധാരണമായതാണ് ഇൻവർട്ടറുകൾ കൂടുതൽ ജനപ്രിയമായതെന്ന് കൊല്ലം മാളിയേക്കൽ മാനേജർ പറഞ്ഞു. വിൽപ്പനയിൽ 60ശതമാനം വർധനയുണ്ടായി. ആവശ്യകതയ്ക്കനുസരിച്ച് നഗരത്തിലെ പല കടകളിലും സ്റ്റോക്ക് ഉറപ്പാക്കാനാകാത്ത സ്ഥിതിയുമുണ്ട്. പരന്പരാഗത ഇൻവർട്ടറുകളേക്കാൾ ലിഥിയം ബാറ്ററി ഇൻവെർട്ടറുകൾക്കാണ് കൂടുതൽ ആവശ്യക്കാർ. ആറുമാസം കൂടുന്പോൾ വെള്ളം ഒഴിച്ചുള്ള അറ്റകുറ്റപ്പണി വേണ്ടെന്നതാണ് ലിഥിയം ബാറ്ററികളെ പ്രിയംകരമാക്കുന്നത്. മാത്രമല്ല, അഞ്ചുവർഷ വാറന്റിയും മുതൽക്കൂട്ടാണ്. ബാറ്ററി അടക്കമുള്ള ഇൻവർട്ടറുകളുടെ വില 2,2000രൂപ മുതലാണ്. ഇഎംഐ അടിസ്ഥാനത്തിലാണ് വിൽപ്പന ഏറെയും. വീടുകളിൽനിന്ന് വർഷങ്ങൾക്കു മുന്നേ ഉപേക്ഷിച്ച എമർജൻസി ലാമ്പുകളും വിപണിയിൽ വീണ്ടും തിരിച്ചെത്തി. എമർജൻസി ലൈറ്റുകളുടെയും റീചാർജബിൾ ഫാനുകളുടെയും ഓൺലൈൻ വിൽപ്പനയും വർധിച്ചിട്ടുണ്ട്. 600രൂപ മുതൽ മുകളിലോട്ടാണ് ഫാനുകളുടെ വില. വൈദ്യുതി മുടങ്ങിയാൽ ബിൽറ്റ്-ഇൻ റീചാർജബിൾ ബാറ്ററിയുടെ സഹായത്തോടെ വെളിച്ചം നൽകുന്ന എൽഇഡി ബൾബുകൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ചാർജ് ചെയ്യാനും ഉപയോഗിക്കാനും എളുപ്പമായതിനാൽ വീടുകൾ, ഓഫീസുകൾ, കടകൾ തുടങ്ങിയ ഇടങ്ങളിൽ ദൈനംദിന ഉപയോഗത്തിനും അടിയന്തര സാഹചര്യങ്ങൾക്കും ഉപകാരപ്രദമാണ്. ജില്ലയിൽ നിരവധി കുടുംബശ്രീ യൂണിറ്റുകളും എൽഇഡി ബൾബ് നിർമാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്.










0 comments