കുറയാതെ പനിച്ചൂട്
രണ്ടാഴ്ച, 4,506 രോഗികൾ

കോട്ടയം കാലവസ്ഥ മാറ്റത്തിനൊപ്പം പകർച്ചവ്യാധികളും വിടാതെ പിൻതുടരുന്നു. ജില്ലയിൽ സെപ്‌തംബർ ആദ്യ രണ്ടാഴ്ചത്തെ കണക്കുകൾ പ്രകാരം പനി ഉൾപ്പെടെ രോഗങ്ങൾക്ക് ചികിത്സ തേടിയത് ആയിരങ്ങളാണ്. സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് 4,506 പേർ ചികിത്സ തേടി. കടുത്ത ക്ഷീണം, തളർച്ച, ചുമ, ഛർദി ലക്ഷണങ്ങളോടെ ആഴ്ചകളാണ് പനി നീണ്ടുനിൽക്കുന്നത്. മഴ ദുർബലമായിട്ടും രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെ കണക്ക് ഇതിലുമേറെയാണ്. വയറിളക്കം, എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയവയും ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രണ്ടുപേരാണ് ഡിസന്ററിക്ക് ചികിത്സ തേടിയത്. 13പേർ ചിക്കൻപോക്‌സിനും ചികിത്സതേടി. 3 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രണ്ടുപേർക്ക് ഇൻഫ്ലുവൻസയും ബാധിച്ചിട്ടുണ്ട്. മലേറിയ, ഡെങ്കിപ്പനി എന്നിവ ഒന്നുവീതവും റിപ്പോർട്ട് ചെയ്‌തു. ജൂൺ മുതലേ പകർച്ചവ്യാധി വ്യാപനം ശക്തമായിരുന്നു. അതിനൊപ്പം ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവ് നികത്താത്തതും രോഗികളെ ദുരിതത്തിലാക്കുന്നു. ജില്ലാ, ജനറൽ ആശുപത്രികളിലായി 22 ഡോക്ടർ തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ശ്രദ്ധിക്കാം ഇൻഫ്ലുവൻസയെ പനി, ചുമ, കടുത്ത തലവേദന, തൊണ്ടവേദന, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കാണുന്നവർ സ്വയം ചികിത്സക്കാതെ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക. പോഷകാഹാരവും ധാരാളം തിളപ്പിച്ചാറിയ വെള്ളവും കഴിക്കുക. മാസ്ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.









0 comments