print edition ഏഷ്യ ഉണരുന്നു

കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തി ബോക്--സിങ് താരം ജാസ്--മിൻ ലംബോറിയ
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിന്റെ ആരവങ്ങൾ അവസാനിക്കുന്പോൾ ഇന്ത്യ ഏഷ്യൻ ഗെയിംസ് ഒരുക്കത്തിലേക്ക്. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് സെപ്‌തംബർ 19നാണ് തുടക്കം. ഒക്‌ടോബർ നാലിന് അവസാനിക്കും. ജപ്പാൻ നഗരമായ നഗോയയിലാണ് മത്സരങ്ങൾ. ആകെ 43 കായിക ഇനങ്ങൾ. 469 മെഡൽ മത്സരങ്ങൾ. മിക്‌സഡ് മാർഷ്യൽ ആർട്‌സ്, സർഫിങ് തുടങ്ങിയ ഇനങ്ങൾ ഇക്കുറി ഏഷ്യൻ ഗെയിംസിൽ അരങ്ങേറും. കഴിഞ്ഞ പതിപ്പിനെക്കാൾ 13 മെഡൽ മത്സരങ്ങൾ കുറവാണ്. ആകെ 45 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
ഇന്ത്യ പ്രതീക്ഷയോടെയാണ് ഏഷ്യൻ ഗെയിംസിന് ഒരുങ്ങുന്നത്. 2022ൽ ഹാങ്‌ഷുവിൽ നടന്ന ഗെയിംസിൽ ആകെ 106 മെഡലുകളായിരുന്നു ഇന്ത്യക്ക്. നാലാം സ്ഥാനത്തുമെത്തി. 28 സ്വർണവും 38 വെള്ളിയും 40 വെങ്കലവും സ്വന്തമാക്കി. 201 സ്വർണവുമായി ആകെ 383 മെഡലുകൾ നേടിയ ചൈന ജേതാക്കളായി. ഒരു പതിപ്പിൽ 200 സ്വർണം നേടുന്ന ആദ്യ രാജ്യമെന്ന നേട്ടവും ചൈന സ്വന്തമാക്കി. ഇന്ത്യ ചരിത്രത്തിലാദ്യമായി 100 മെഡലുകൾ നേടി.
ഷൂട്ടിങ്ങിലായിരുന്നു കൂടുതൽ മെഡലുകൾ. അത്‌ലറ്റിക്‌സിലും അന്പെയ്‌ത്തിലും നേട്ടമുണ്ടാക്കി. ഇക്കുറി ഷൂട്ടിങ്, അത്‌ലറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം ബോക്‌സിങ്ങിലും ഇന്ത്യ ഏറെ പ്രതീക്ഷ വയ്‌ക്കുന്നു. കോമൺവെൽത്ത് ഗെയിംസിലെ മിന്നും പ്രകടനം ബോക്‌സർമാർ തുടരുമെന്നാണ് വിലയിരുത്തൽ. വനിതാ വിഭാഗത്തിലാണ് കൂടുതൽ പ്രതീക്ഷ. കസാഖ്‌സ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ രാജ്യങ്ങളായിരിക്കും പ്രധാന വെല്ലുവിളി. അത്‌ലറ്റിക്‌സിൽ കഴിഞ്ഞ തവണ ആറ് സ്വർണമാണ് കിട്ടിയത്. കോമൺവെൽത്ത് ഗെയിംസിൽ ഒരു സ്വർണംപോലും അത്‌ലറ്റിക്‌സിൽനിന്നുണ്ടായില്ല. എങ്കിലും ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.
ജാവലിൻ ത്രോയിൽ സൂപ്പർതാരം നീരജ് ചോപ്രയും ലോങ്‌ജന്പിൽ മലയാളി താരം എം ശ്രീശങ്കറുമുണ്ട്. വനിതാ ലോങ്‌ജന്പിൽ മലയാളിതാരം ആൻസി സോജനും യോഗ്യത നേടിയിട്ടുണ്ട്. ക്രിക്കറ്റ്, ബോക്‌സിങ്, ഹോക്കി ടീമുകളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. ക്രിക്കറ്റിൽ മലയാളി താരം സഞ്‌ജു സാംസൺ ടീമിലുണ്ട്. കഴിഞ്ഞ തവണ ക്രിക്കറ്റിലെ ഇരുവിഭാഗത്തിലും ഇന്ത്യക്കായിരുന്നു സ്വർണം. ബാഡ്‌മിന്റൺ, ഹോക്കി, കബഡി ഇനങ്ങളിലും ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നു. മറ്റ് ഇനങ്ങളിലെ ടീമുകളെ ഉടൻ പ്രഖ്യാപിക്കും. ഫുട്‌ബോളിൽ ഇക്കുറി ഇന്ത്യ കളിക്കുന്നില്ല. 2028 ലൊസ് ആഞ്ചലസ് ഒളിന്പിക്‌സിനുള്ള ഒരുക്കം കൂടിയാണ് ഇന്ത്യക്ക്.










0 comments