print edition ട്രീസ; മലയോരത്തിന്റെ പൊൻതൂവൽ

അച്ഛൻ ജോളി മാത്യു, അമ്മ ഡെയ്സി, സഹോദരി മരിയ എന്നിവർക്കൊപ്പം ട്രീസ (ഇടത്തുനിന്ന് രണ്ടാമത്)
അജയകുമാർ പെരിങ്ങോം
Published on Aug 19, 2026, 01:53 AM | 1 min read
ചെറുപുഴ (കണ്ണൂർ) : ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അരീനയിൽ റാക്കറ്റുമായി നിൽക്കുന്പോൾ ട്രീസ ജോളിയെന്ന മലയാളി പെൺകുട്ടി അതിരില്ലാത്ത ആഹ്ലാദത്തിലായിരുന്നു. രാജ്യത്തെ മികച്ച കായിക താരങ്ങൾക്കുള്ള അർജുന പട്ടികയിൽ ഉണ്ടെന്നറിഞ്ഞ നിമിഷം ബാഡ്‌മിന്റൺ ലോക ചാന്പ്യൻഷിപ് വനിതാ ഡബിൾസിൽ കൂട്ടുകാരി ഗായത്രി ഗോപീചന്ദിനൊപ്പം രണ്ടാംറൗണ്ട് മത്സരത്തിന്റെ തയ്യാറെടുപ്പിലായിരുന്നു. കഠിനാധ്വാനവും ആത്മസമർപ്പണവുമാണ് കണ്ണൂർ ചെറുപുഴക്കാരിയായ ട്രീസയുടെ വിജയങ്ങളുടെ ആധാരം.
പരിമിതിക്കുള്ളിൽനിന്നായിരുന്നു പരിശീലനം. കായികാധ്യാപക ജോലി ഒഴിവാക്കി കൂടെനിന്ന പിതാവ് ജോളി മാത്യുവാണ് ട്രീസയുടെ കരുത്ത്. ചെറുപുഴ സെന്റ് ജോസഫ് ഹൈസ്കൂളിലും പാലാവയൽ സെന്റ് ജോൺസ് എച്ച്‌എസ്‌എസിലും കല്യാശേരി കെപിആർ ഗോപാലൻ മെമ്മോറിയൽ ജിഎച്ച്‌എസ്‌എസിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് തലശേരി ബ്രണ്ണൻ കോളേജിൽ ബിബിഎ.
ദീർഘദൂര ഓട്ടമത്സരങ്ങളിലെമുൻ ചാമ്പ്യൻകൂടിയായ ജോളിയുടെ കീഴിലായിരുന്നു ഏഴാംക്ലാസ് വരെ പരിശീലനം. വിദഗ്ധ പരിശീലനം കണ്ണൂർ സർവകലാശാല കായിക വിഭാഗം മേധാവി ഡോ. അനിൽ രാമചന്ദ്രന്റെ കീഴിൽ. ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയിലെ പരിശീലനം വഴിത്തിരിവായി.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന ചാമ്പ്യനായി. പതിമൂന്നാം വയസ്സിൽ സംസ്ഥാന സീനിയർ സിംഗിൾസിലും ഡബിൾസിലും ചാമ്പ്യൻഷിപ്പ്. 2018-ൽ ബംഗ്ലാദേശിൽ നടന്ന ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം. 2022 കോമൺവെൽത്ത് ഗെയിംസ് മിക്‌സഡ് ടീം ഇനത്തിൽ വെള്ളിയും ഡബിൾസിൽ വെങ്കലവും. 2024 -ൽ ഏഷ്യൻ ചാമ്പ്യൻഷിപ് ടീം ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ നിർണായക സാന്നിധ്യമായി.
ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ കായിക വിഭാഗം അധ്യാപകനായിരുന്നു ജോളി മാത്യു . അമ്മ ഡെയ്സി ജോളി ഇതേ സ്കൂളിലെ അധ്യാപികയാണ്. സഹോദരി മരിയ ജോളി. ജൂനിയർ വിഭാഗത്തിൽ മുൻ സംസ്ഥാന ടീമംഗവുമാണ് മരിയ.










0 comments