ad
Deshabhimani

ഉൾക്കാഴ്ചകളിലെ കടലിരമ്പം

ദിനേശ് ഇൻസൈറ്റ്
വെബ് ഡെസ്ക്

Published on Aug 19, 2026, 03:00 AM | 1 min read

ചിത്രവും എഴുത്തും

കാസർകോട് നിഴലും വെളിച്ചവും ഇടകലർന്ന ഇരുട്ടുമുറിയിലെ കെമിക്കൽ മണത്തിൽനിന്ന് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി വേദികളുടെ തിളക്കത്തിലേക്ക് നടന്നുകയറി കാസർകോടിനെ അടയാളപ്പെടുത്തിയ ഒരാളുണ്ടിവിടെ. ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ, ഡിജിറ്റൽ കാലഘട്ടങ്ങളെ പകർത്തിയ ദിനേശ് ഇൻസൈറ്റ്. കാൽനൂറ്റാണ്ടിലേറെയായി നാടിന്റെ മാറ്റങ്ങളും നാട്ടുകാരുടെ വികാരങ്ങളും ജീവിതവുമെല്ലാം ഒപ്പിയെടുത്ത ദിനേശ് വെറുമൊരു ഫോട്ടോഗ്രാഫറല്ല, ആ കാഴ്ചകളുടെ സൂക്ഷിപ്പുകാരൻകൂടിയാണ്. 1986ൽ പതിമൂന്നാം വയസ്സിൽ കെഎസ്ആർടിസി സ്റ്റാൻഡിനടുത്തുള്ള ഷെട്ടി സ്റ്റുഡിയോയിൽ ഡാർക്ക് റൂം അസിസ്റ്റന്റായി തുടക്കം. ദേശാഭിമാനിക്ക് വേണ്ടി ചിത്രങ്ങളെടുത്തിരുന്ന രാജശേഖരനാണ് ഫോട്ടോ ഫീൽഡിലേക്ക് കൈപിടിച്ചുയർത്തിയത്. നെല്ലിക്കുന്നിൽ നടന്ന ഒരു സംസ്കാരശുശ്രൂഷയാണ് ആദ്യത്തെ വർക്ക്. ‘പെന്റാക്സ് കെ 1000' ഫിലിം കാമറയാണ് അന്ന് ഉപയോഗിച്ചത്. പത്രങ്ങൾക്ക് ഫോട്ടോഗ്രാഫർമാർ ഇല്ലാതിരുന്ന അക്കാലത്ത് ഓടിനടന്ന് പടമെടുത്തു. പിന്നീട് 1998-ൽ ജില്ലാ സഹകരണ ബാങ്കിന് എതിർവശത്ത് ചെറിയ ഡാർക്ക് റൂം സജ്ജീകരിച്ചാണ് ദിനേശ് ‘ഇൻസൈറ്റ് സ്റ്റുഡിയോ'യ്ക്ക് തുടക്കമിടുന്നത്. രണ്ടു വർഷത്തിന് ശേഷം പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് മാറി. രണ്ടായിരത്തിലാണ് ആദ്യത്തെ പുരസ്‌കാരനേട്ടം. കൃഷിവകുപ്പിന്റെ പുരസ്കാരമായിരുന്നു. തുടർന്ന് കുടുംബശ്രീ അവാർഡ്, വിവിധ സംഘടനകളുടെ പുരസ്കാരങ്ങൾ, ദേശീയ-–അന്തർദേശീയ അംഗീകാരങ്ങൾ എന്നിവ തേടിയെത്തി. ഒടുവിൽ ജൂലൈയിൽ രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ഡിജെ മെമ്മോറിയൽ ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ചു. ഫീൽഡ് കാമറ, യാഷിക 120, പെന്റാക്സ് കെ1000, നിക്കോൺ എഫ്എം2, കനോൻ 501, കനോൻ എഫ്80, നിക്കോൺ എഫ്ഇ തുടങ്ങി നിരവധി കാമറകൾ ഉപയോഗിച്ചു. നിലവിൽ കനോൻ 1ഡി എക്സ് മാർക്ക് II, കനോൻ ആർ3 എന്നിവയാണ് ഉപയോഗിക്കുന്നത്. സ്റ്റുഡിയോയിൽ ഇതുവരെ താൻ ഉപയോഗിച്ചതും അല്ലാത്തതുമായ കാമറകളുടെ ശേഖരവുമുണ്ട്. കാലം ഓർത്തു വെക്കുന്ന, സ്വന്തം കൈയൊപ്പ് ചാർത്തിയ അഞ്ച് ചിത്രങ്ങൾ ലോകത്തിന് സമ്മാനിക്കുക എന്നതാണ് ലക്ഷ്യം. കാസർകോടിന്റെതായ സർക്കാർ ആർട്ഗാലറി വേണം. ഫോട്ടോഗ്രാഫർമാർക്ക് കൂടുതൽ പിന്തുണ സമൂഹത്തിൽനിന്നുണ്ടാകണം. ദിനേശ് പറയുന്നു. കോട്ടക്കണ്ണി സ്വദേശിയായ ദിനേശിന് പിന്തുണയുമായി ഭാര്യ ഭാരതിയും മക്കളായ അതിഥിയും അഭയും ഒപ്പമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home