print edition സങ്കടക്കടൽ കടന്ന് അജ്‌മൽ

സി പി മുഹമ്മദ് നൗഫൽ
Published on Aug 19, 2026, 01:55 AM | 1 min read
ചെർപ്പുളശേരി (പാലക്കാട്) : ജീവിതത്തിലെ ഏറ്റവും വലിയ വേദനയ്‌ക്കിടയിലാണ് വി മുഹമ്മദ് അജ്‌മലിനെ മികച്ച കായിക താരത്തിനുള്ള അർജുന പുരസ്‌കാരം തേടിയെത്തുന്നത്. ജൂലൈ 30നായിരുന്നു ഉമ്മ ആസ്യയുടെ മരണം. അർജുന നേട്ടം കാണാൻ ഉമ്മയില്ലെന്ന ദുഃഖം ബാക്കി. നിലവിൽ തിരുവനന്തപുരം എൽഎൻസിപിഇയിൽ ക്യാന്പിലാണ് ഇന്ത്യയുടെ 400 മീറ്റർ ഓട്ടക്കാരൻ. അർജുന നേട്ടത്തിൽ അഭിമാനമുണ്ടെന്നായിരുന്നു പ്രതികരണം.
പന്തിന് പിന്നാലെയായിരുന്നു അജ്‌മൽ ആദ്യം ഓടിയത്. അതുപിന്നെ ട്രാക്കിലൂടെയുള്ള ഓട്ടമായി. ഒടുവിൽ ഒറ്റലാപ്പിൽ രാജ്യത്തിനായി മെഡൽ. അംഗീകരമായി പുരസ്‌കാരങ്ങളുടെ പട്ടികയിലേക്ക് അർജുനയും. മാരായമംഗലം വാര്യത്തൊടി വീട്ടിൽ മുഹമ്മദ് അജ്മൽ ഇന്ന് രാജ്യത്തിന്റെ അഭിമാനമാണ്. രാജ്യാന്തര – ദേശീയ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെയും വർഷങ്ങളായുള്ള കഠിനാധ്വാധനത്തിന്റെയും ഫലം. ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ 4x 400 മീറ്റർ റിലേയിലെ ഇന്ത്യൻ ടീമിന്റെ സ്വർണനേട്ടത്തിൽ അജ്‌മലും പങ്കാളിയായി.
മൂന്നാം ലാപ്പിൽ അജ്മൽ നടത്തിയ പ്രകടനമാണ് ഇന്ത്യയെ സ്വർണത്തിലെത്തിച്ചത്. മിക്‌സഡ് റിലേയിൽ വെങ്കലവും കിട്ടി. 2023ലെ ബാങ്കോക്ക് ഏഷ്യൻ ചാന്പ്യൻഷിപ്പിലും റിലേയിൽ വെങ്കലം ലഭിച്ചു. ചെർപ്പുളശേരി ജിവിഎച്ച്എസ്എസിൽ പഠിക്കുമ്പോൾ സംസ്ഥാനതല ഫുട്ബോൾ ചാന്പ്യൻഷിപ്പുകളിൽ കളിച്ചു. പ്ലസ് വൺ പഠനത്തിനായി മണ്ണാർക്കാട് കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെത്തിയതോടെ അത്‌ലറ്റിക്‌സിലായി. നിലവിൽ ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥനാണ്. ജീവിതപങ്കാളിയും ദേശീയ കായിക താരവുമായ ടി എം ജംഷീലയുടെ പിന്തുണയാണ് കരുത്ത്. പാലക്കാട് നെല്ലായ പഞ്ചായത്തിലെ മാരായമംഗലം തച്ചങ്ങാട് വാര്യത്തൊടി വീട്ടിൽ കുഞ്ഞാലി ഹാജിയുടെയും പരേതയായ ആസ്യയുടെയും മകനാണ്.










0 comments