print edition അഫ്‌സലിനും ട്രീസക്കും അർജുന ശുപാർശ

ന്യൂഡൽഹി
മലയാളികളായ മുഹമ്മദ് അഫ്‌സലും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾക്കുള്ള അർജുന അവാർഡിന് പരിഗണിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടു. പാലക്കാട്ടുകാരനായ ഓട്ടക്കാരനാണ് അഫ്‌സൽ. ട്രീസ കണ്ണൂരുകാരിയായ ബാഡ്‌മിന്റൺ താരമാണ്. രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ ധ്യാൻചന്ദ് ഖേൽരത്നയ്‌ക്ക് ഒറ്റ ശുപാർശയേയുള്ളു. ഇന്ത്യൻ പുരുഷ ഹോക്കി ടീം വൈസ്‌ക്യാപ്‌റ്റൻ ഹാദിക് സിങ്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഗഗൻ നരങ്, മുൻ ബാഡ്‌മിന്റൺ താരം അപർണ പോപട്ട്, ഹോക്കിതാരം എം എം സോമയ എന്നിവർ ഉൾപ്പെട്ട സമിതിയാണ് കളിക്കാരെ ശുപാർശ ചെയ്‌തത്.
അർജുന അവാർഡിന് ശുപാർശ ചെയ്‌ത 24 പേരിൽ ക്രിക്കറ്റ് താരങ്ങളില്ല. ചെസ് ലോകകപ്പ് നേടിയ ദിവ്യ ദേശ്‌മുഖും ബാഡ്‌മിന്റൺ ഡബിൾസിൽ ട്രീസ ജോളിയുടെ സഹതാരം ഗായത്രി ഗോപിചന്ദും പട്ടികയിലുണ്ട്. തേജസ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി(അത്‌ലറ്റിക്‌സ്), മെഹുലിഘോഷ്(ഷൂട്ടിങ്), പ്രണതി നായക്(ജിംനാസ്‌റ്റിക്‌സ്), വിദിത് ഗുജറാത്ത്(ചെസ്) തുടങ്ങിയവരുമുണ്ട്. ആദ്യമായി യോഗാസന താരം ആരതിപാലും ഉൾപ്പെട്ടു. കേന്ദ്ര കായികമന്ത്രാലയം പട്ടിക അംഗീകരിക്കേണ്ടതുണ്ട്. അടുത്തമാസമാണ് പ്രഖ്യാപനം.










0 comments