ad
Deshabhimani

വിദ്യാ‌ർഥി പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കും

Supreme Court
വെബ് ഡെസ്ക്

Published on Aug 18, 2026, 04:00 PM | 1 min read

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ അന്വേഷണം നടത്താൻ ഉന്നതാധികാര സമിതി രൂപീകരിക്കാൻ സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സമിതിയിലെ അംഗങ്ങളെ സംബന്ധിച്ച നിർദ്ദേശങ്ങൾ ലഭിച്ച ശേഷം ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിക്കും.


ജൂലൈ 20നായിരുന്നു നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ നിന്ന് വിദ്യാർഥികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർഥികളെ കടന്നാക്രമിക്കുകയായിരുന്നു പൊലീസും മറ്റ് സുരക്ഷാ ഉദ്യോ​ഗസ്ഥരും. പെല്ലറ്റ് ആക്രമണത്തിൽ ഡൽഹി സ്വദേശിയുടെ കണ്ണിന്റെ കാഴ്ച 90 ശതമാനം നഷ്ടമായി. പെൺകുട്ടികളുടെ സ്വകാര്യ ഭാ​ഗങ്ങളിൽ ലാത്തി ഉപയോ​ഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. നിരവധി വിദ്യാർഥികളെ അതിക്രൂരമായി തല്ലിച്ചതച്ചു.


വിദ്യാർഥികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളുടേയും പാർലമെന്റ് മാർച്ചിന്റെയും സിസിടിവി ദൃശ്യങ്ങൾ പുതിയ അന്വേഷണ സമിതിക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശം നൽകും. ആക്രമണം നേരിട്ട വിദ്യാർഥികളുടെ പരാതികൾ സമിതി വിശദമായി കേൾക്കും. പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home