ad
Deshabhimani

ആദ്യ വരവിൽ തന്നെ ഇരട്ടമെഡല്‍; യോഗയിൽ പൊന്നും വെള്ളിയും നേടി അനുവർണിക

anuvarnika

യോഗാഭ്യാസത്തിനിടെ അനുവർണിക

avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Oct 24, 2025, 06:38 PM | 1 min read

തിരുവനന്തപുരം: പങ്കെടുത്ത ആദ്യ കായിക മേളയിൽ തന്നെ സ്വർണവും വെള്ളിയും നേടി കണ്ണൂരിൽനിന്നൊരു കൊച്ചുമിടുക്കി. ആർട്ടിസ്റ്റിക് യോഗയിൽ കണ്ണൂരിന്റെ അനുവർണികയാണ് സ്വർണം നേടിയത്. ട്രഡീഷണൽ യോഗയില്‍ വെള്ളിയും സ്വന്തമാക്കി. മമ്പറം യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സംസ്ഥാന സ്കൂൾ കായിക മേളയിലേക്കുള്ള ആദ്യ വരവിൽ തന്നെ സ്വർണവും വെള്ളിയും സ്വന്തമാക്കിയാണ് പന്ത്രണ്ടുകാരി തുടങ്ങിയത്. റിതമിക് പെയറിലും അനുവർണിക മത്സരിക്കുന്നുണ്ട്.


നിരന്തര പരിശ്രമവും കഠിനമായ പരിശീലനവുമാണ് അനുവർണികയെ വിജയത്തിലെത്തിച്ചത്. രാവിലെ അഞ്ചുമുതൽ ആറു വരെ ഓൺലൈൻ ആയാണ് യോഗ പരിശീലനം. അവധി ദിവസങ്ങളിൽ നേരിട്ടും പരിശീലനം നേടുന്നുണ്ട്. സംസ്ഥാന കായിക മേളയ്ക്കായി കണ്ണൂർ യോഗ അസോസിയേഷന്റയും യോഗ അസോസിയേഷന്റെ സംസ്ഥാന കോച്ച് കെ ടി കൃഷ്ണദാസിന്റെയും കീഴിൽ മൂന്ന് മാസത്തോളം പ്രത്യേക പരിശീലനം നേടിയിരുന്നു.

anuvarnika


അഞ്ച് വയസുമുതലാണ് അനുവർണിക യോഗ പരിശീലനം ആരംഭിച്ചത്. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ 8 വയസുമുതൽ പങ്കെടുക്കുന്നുണ്ട്. 2021ൽ ഹരിയാനയിൽ നടന്ന യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ മത്സരത്തിലും 2022ലെ നാഷണൽ യോഗ ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ ലഭിച്ചു. 2023ൽ അസമിൽ നടന്ന മത്സരത്തിലും 2024 ൽ ഹിമാചലിൽ നടന്ന മത്സരത്തിലും വെങ്കല മെഡലും നേടി.


സംസ്ഥാന കായികമേളയിലെ യോഗ മത്സരത്തിൽ അണ്ടർ 19 കാറ്റഗറി മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 12 വയസു മുതൽ 19 വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് അണ്ടർ 19 വിഭാഗത്തിൽ മത്സരിക്കാൻ കഴിയുന്നത്. പ്രായപരിധിക്കുള്ളിൽ വരാത്തതിനാൽ കഴിഞ്ഞവർഷം അനുവർണികയ്ക്ക് സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.


anuvarnika


മാങ്ങാട്ടിടം സ്വദേശികളായ സുജീഷ് -പ്രിനിത ദമ്പതികളുടെ മകളാണ് അനുവർണിക. അച്ഛൻ സുജീഷിലൂടെയാണ് അനുവർണികയും യോഗയിലേക്ക് എത്തുന്നത്. സുജീഷ് യോഗ പരിശീലകനും മാങ്ങാട്ടിടം ക്ഷീര സഹകരണ സംഘം സെക്രട്ടറിയുമാണ്. അമ്മ പ്രിനിതയും യോഗ ടീച്ചറാണ്. ഈ വർഷം യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ സംസ്ഥാന യോഗ ചാമ്പിൻഷിപ്പിൽ 30-35 കാറ്റഗറിയിൽ പ്രിനിത നാലാം സ്ഥാനം നേടിയിരുന്നു. നാലു വയസുകാരൻ അദ്വിക് സഹോദരനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home