Deshabhimani

print edition ആല്‍ഫിയ ജെയിംസ്... അതിജീവനത്തിന്റെ വെങ്കലത്തൂവല്‍

alphia james .JPG
avatar
സ്വന്തം ലേഖകൻ

Published on Oct 22, 2026, 01:30 AM | 1 min read

കൊച്ചി: പ്രതിസന്ധികള്‍ക്കു മുന്നില്‍ ആല്‍ഫിയ ജെയിംസ് തളര്‍ന്നില്ല. പോരാട്ടവീര്യത്തില്‍ എറണാകുളം മൂവാറ്റുപുഴ പിറമാടം സ്വദേശി കൈപ്പിടിയിലാക്കിയത് ഏഷ്യൻ പാരാ ഗെയിംസിൽ ചരിത്രനേട്ടം. വീൽചെയർ ബാഡ്മിന്റണില്‍ പല്ലവി കലുവെഹള്ളിക്കൊപ്പം വെങ്കലം നേടിയാണ് നാടിന് അഭിമാനമായത്.


പഠന സമയത്ത് ബാസ്‌കറ്റ് ബോളിൽ മികവു തെളിയിച്ച ആൽഫിയയുടെ ജീവിതം മാറിമറിഞ്ഞത് 17– -ാം വയസിലായിരുന്നു. തൊടുപുഴ മുട്ടത്ത് പ്ലസ് ടു പഠിക്കുന്ന സമയം ഹോസ്‌റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ്‌ നട്ടെല്ലിനു പരിക്കേറ്റ് അരയ്‌ക്ക്‌ താഴെ തളർന്നു. മൂന്നു വർഷം നീണ്ട ചികിത്സയ്‌ക്കും ബിരുദ പഠനത്തിനുമിടയിലാണ് പാരാഗെയിംസിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്.


സംസ്ഥാന മത്സരങ്ങളിൽ മികവു തിരിച്ചറിഞ്ഞ എലൈറ്റ് വ്യവസായ ഗ്രൂപ്പ് ദുബായിലെ ഓഫീസിൽ ജോലിയും പരിശീലനത്തിനുള്ള പിന്തുണയും നൽകി. മൂന്നു വർഷമായി ദുബായിലാണ്. ഈ വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി. അമ്മ ബിജി ബെംഗളുരുവിൽ നഴ്‌സായിരുന്നു. ആൽഫിയയുടെ ചികിത്സയും പഠനവുമായി ബന്ധപ്പെട്ട്‌ ജോലി ഉപേക്ഷിച്ചു. അച്ഛന്‍ പരേതനായ കെ എ ജയിംസ്. സഹോദരൻ ആൽഫിൻ കാനഡയിൽ വിദ്യാർഥിയാണ്.


മെഡല്‍ നേട്ടത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആല്‍ഫിയ പറഞ്ഞു. ‘വീല്‍ച്ചെയര്‍ വിഭാഗത്തില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ നേടാനായി എന്നതാണ് ഏറ്റവും അഭിമാനം. കേരളത്തില്‍ പാരാ ഗെയിംസിന് കുറച്ചുകൂടി പിന്തുണ ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ കുട്ടികള്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കണം. അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആല്‍ഫിയ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home