Deshabhimani

പറന്നുയർന്ന്‌ 


‘Made in'
avatar
ഷെഹിൻഷാ

Published on Oct 22, 2026, 03:09 AM | 1 min read

കൊച്ചി


ഹ്രസ്വചിത്രങ്ങളിലൂടെ സിനിമാ സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് എറണാകുളം ഉദയംപേരൂര്‍ സ്വദേശി രാജേഷ് പുത്തന്‍പുരയില്‍. ആദ്യമായി സംവിധാനംചെയ്ത ഹ്രസ്വചിത്രം ‘മെയ്‌ഡ് ഇൻ’ രാജേഷിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി. സംഭാഷണങ്ങളില്ലാതെ ദൃശ്യങ്ങളിലൂടെ കഥ പറഞ്ഞ ചിത്രം പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. സിനിമയിലേക്കുള്ള രാജേഷിന്റെ യാത്ര ഒരു ദിവസംകൊണ്ട് തുടങ്ങിയതല്ല.


പഠനത്തിനുശേഷം ബിസിനസ് രംഗത്തേക്ക് കടന്നപ്പോഴും മനസ്സില്‍ സിനിമയായിരുന്നു. ഹ്രസ്വചിത്രമേളകളുടെ ലോകമാണ് ആ സ്വപ്നത്തിന് വഴിതുറന്നത്. കൊച്ചിയിൽ എൽകെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് സിനിമാപ്രവർത്തകരുമായും പുതിയ തലമുറയിലെ ചലച്ചിത്രകാരന്മാരുമായും അടുത്തിടപഴകാൻ അവസരം ലഭിച്ചു. ആദ്യപതിപ്പിൽ നാനൂറിലധികം ചിത്രങ്ങൾ എത്തിയ മേളയുടെ രണ്ടാംപതിപ്പിൽ എൻട്രികളുടെ എണ്ണം ആയിരം കടന്നു. അങ്ങനെയാണ് ‘മെയ്‌ഡ് ഇൻ’ യാഥാർഥ്യമായത്. നിലവില്‍ രണ്ടാമത്തെ ഹ്രസ്വചിത്രം ഹിഡന്‍ കളേഴ്സിന്റെ പണിപ്പുരയിലാണ്.

​

പുരസ്‌കാരത്തിളക്കം


​ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ വൈഡ്‌സ്‌ക്രീൻ ഫിലിം ഫെസ്റ്റിവൽ, രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, യുഎസ്എ ഇൻഡിഫെസ്റ്റ് തുടങ്ങിയ മേളകളിൽ ‘മെയ്‌ഡ് ഇൻ’ ശ്രദ്ധ നേടി. മികച്ച ഹ്രസ്വചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡും വിവിധ വിഭാഗങ്ങളിലായി 36 ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. അമേരിക്ക, ബ്രിട്ടൻ, ജർമനി, സ്പെയിൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ചലച്ചിത്രമേളകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.


ഡോക്യുമെന്ററികള്‍


രണ്ടു ഡോക്യുമെന്ററികളും രാജേഷിന്റേതായി എത്തുന്നുണ്ട്. ഹൗബം പബന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന വുമണ്‍ മാര്‍ക്കറ്റ് എന്ന ഡോക്യുമെന്ററിയുടെ സഹനിര്‍മാതാവും സഹസംവിധായകനുമാണ് രാജേഷ്. വടക്കുകിഴക്കൻ ഇന്ത്യയിലെ ഗോത്രസമൂഹങ്ങളുടെ ജീവിതവും സംസ്കാരവും സാമൂഹികമാറ്റങ്ങളും രേഖപ്പെടുത്തുന്ന ‘ദ ബോഡി റിമംബേഴ്സ്’ രണ്ടാമത്തെ ഡോക്യുമെന്ററി 2027ല്‍ ആരംഭിക്കും.

​

2030-ലേക്ക് ഒരു സ്വപ്നം


2030-ൽ ലോകനിലവാരമുള്ള സിനിമ സൃഷ്ടിക്കുകയെന്ന ലക്ഷ്യവും രാജേഷിനുണ്ട്. വ്യത്യസ്തമായ മനുഷ്യാനുഭവങ്ങളെയും കാലത്തിന്റെ മാറ്റങ്ങളെയും ആഗോള പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിയുന്ന സ്വന്തം ചലച്ചിത്രഭാഷ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home