Deshabhimani

‘കഫെ വിങ്സ്'

cafe-wings
വെബ് ഡെസ്ക്

Published on Oct 22, 2026, 03:16 AM | 1 min read

കൊച്ചി


രുചികരമായ വിഭവങ്ങൾക്കൊപ്പം അതിജീവനത്തിന്റെ സന്ദേശം പകർന്നുനൽകുകയാണ് കോതമംഗലത്തെ ‘കഫെ വിങ്സ്' എന്ന ഭക്ഷണശാല. ചക്രക്കസേരകളിൽ സഞ്ചരിക്കുന്ന ആറ് സുഹൃത്തുക്കൾ നടത്തുന്ന ഈ കഫെ ഇതിനോടകം ഭക്ഷണപ്രേമികളുടെ ഇഷ്ട ഇടമായിമാറി. പാൽ കപ്പയും പാൽ പൊറോട്ടയുമെല്ലാം പരിചിതമാണെങ്കിലും അധികമാരും കഴിക്കാത്ത പാൽപുട്ടാണ് ഇവിടുത്തെ പ്രത്യേക വിഭവം. പുട്ട് പൊടിയിൽ പാൽ ഒഴിച്ച് കുഴച്ചാണ് പാൽപുട്ട് തയ്യാറാക്കുന്നത്. ചിക്കൻ കറിയാണ് ഒപ്പം വിളമ്പുന്നത്. രണ്ട്‌ കഷ്ണം പാൽപുട്ടിനും ചിക്കൻ കറിക്കും 110 രൂപയാണ് വില. പാൽ കപ്പ, കപ്പ, പിടി, കഞ്ഞി, ഏഷ്യാഡ്, ചെറുകടികൾ എന്നിവയുമുണ്ട്‌.


കാറപകടത്തെ തുടർന്ന് സുഷുമ്ന നാഡിക്ക് പരിക്കേറ്റ ബോസ് ജോർജ് (33), തൊഴിലിടങ്ങളിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ ബേസിൽ പോൾ (33), കെ കെ സജീവ് (43), പേശി ബലക്ഷയം ബാധിച്ച ഡോ. കോര ജോർജ് (50), അജേഷ് അവറാച്ചൻ (34), മരത്തിൽനിന്ന് വീണ് കാലിന് സ്വാധീനം കുറഞ്ഞ കെ ടി എൽദോസ് (55) എന്നിവരാണ് കഫെയ്‌ക്കു പിന്നിൽ പ്രവർത്തിക്കുന്നത്. എല്ലാവരും കോതമംഗലത്തും പരിസരങ്ങളിലുമുള്ളവരാണ്‌.


സുഷുമ്ന നാഡിക്ക് പരിക്കേറ്റവർക്കായി സംഘടിപ്പിച്ച കൂട്ടായ്മയിലൂടെയാണ് ഇവർ ആദ്യമായി കാണുന്നതും കഫെ എന്ന ആശയം ഉടലെടുത്തതും. ആറ് പേരും നാല് മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളായാണ് കടയിൽ പ്രവർത്തിക്കുന്നത്. കടയിലേക്ക്‌ ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതും ക‍ൗണ്ടറിൽ ഇരിക്കുന്നതുമെല്ലാം ഇവർ തന്നെയാണ്‌. മൂന്ന്‌ ജീവനക്കാരും സഹായത്തിനുണ്ട്‌. കോതമംഗലത്തെ തങ്കളം– മലയിൻകീഴ്‌ ബൈപ്പാസിൽ പകൽ 11ന്‌ തുറക്കുന്ന കഫെ രാത്രി 10വരെയുണ്ടാകും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home