ad
Deshabhimani

print edition അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌സ്‌; പൊന്നണിഞ്ഞ്‌ അനുപ്രിയ, അനാമിക

All India Inter-university Athletics

അന്തർ സർവകലാശാല അത്‌ലറ്റിക്‌സിൽ വനിതകളുടെ ഷോട്ട്പുട്ടിൽ കലിക്കറ്റിന്റെ വി എസ്‌ അനുപ്രിയ സ്വർണം നേടുന്നു /ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ

avatar
പ്രദീപ്‌ ഗോപാൽ

Published on Jan 16, 2026, 02:05 AM | 1 min read

മ‍ൂഢബിദ്രി (കർണാടക) : അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌സിൽ തകർപ്പൻ പ്രകടനവുമായി വി എസ്‌ അനുപ്രിയയും കെ എ അനാമികയും. വനിതകളുടെ ഷോട്ട്‌പുട്ടിൽ 14.53 മീറ്റർ എറിഞ്ഞാണ്‌ അനുപ്രിയ കലിക്കറ്റ്‌ സർവകലാശാലയ്‌ക്കായി സ്വർണം നേടിയത്‌. ഹെപ്‌റ്റാത്തലണിൽ ആന്ധ്ര എസ്‌ആർഎം സർവകലാശാലയുടെ മലയാളി താരം അനാമിക 5158 പോയിന്റ്‌ നേടി ചാന്പ്യനായി. മീറ്റ്‌ ഇന്ന്‌ സമാപിക്കെ 102 പോയിന്റുമായി മദ്രാസ്‌ സർവകലാശാലയാണ്‌ മുന്നിൽ. 79 പോയിന്റുള്ള മംഗളൂരു രണ്ടാമതും 66 പോയിന്റോടെ ഛണ്ഡീഗഢ്‌ സർവകലാശാല മൂന്നാമതുമുണ്ട്‌. 41 പോയിന്റുള്ള കലിക്കറ്റ്‌ നാലാമതാണ്‌. 18 പോയിന്റുള്ള എം ജി സർവകലാശാല 12–ാമതുണ്ട്‌.


ഹെപ്‌റ്റയിൽ മൂ‍ന്നാംദിനംതന്നെ മുന്നിലായിരുന്ന അനാമിക നാലാംദിനം സ്വർണം ഉറപ്പിച്ചു. അവസാന ഇനമായ 800 മീറ്ററിൽ മികച്ച വ്യത്യാസത്തിൽ ഒന്നാമതെത്തി. എസ്‌ആർഎം സർവകലാശാലയിൽ എം ബി എ ഒന്നാംവർഷ വിദ്യാർഥിയാണ്‌. പാലക്കാട്‌ കോട്ടായി പെരിങ്ങോട്ടുകുറിശിയാണ്‌ സ്വദേശം. അരുൺലാലാണ്‌ പരിശീലകൻ. അച്ഛൻ അനീഷ്‌, അമ്മ സുമ. ഉത്തരേന്ത്യൻ താരങ്ങളെ പിന്നിലാക്കിയായിരുന്നു ഷോട്ട്‌പുട്ടിൽ അനുപ്രിയയുടെ പ്രകടനം. യോഗ്യതാ റ‍ൗണ്ടിൽ 14.62 മീറ്റർ എറിഞ്ഞിരുന്നു.


അനുപ്രിയയുടെ മികച്ച ദ‍ൂരമാണിത്‌. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിൽ ബി എ ഇക്കണോമിക്‌സ്‌ ഒന്നാംവർഷ വിദ്യാർഥിയാണ്‌. കാസർകോട്‌ തൃക്കരിപ്പൂരാണ്‌ സ്വദേശം. കെസി ഗിരീഷാണ്‌ പരിശീലകൻ. അച്ഛൻ – ശശി, അമ്മ–രജനി. നാലാംദിനം കലിക്കറ്റിനായി 110 മീറ്റർ ഹർഡിൽസിൽ എസ്‌ ഷാഹുൽ 14.20 സെക്കൻഡിൽ വെള്ളിയും വനിതകളുടെ പോൾവോൾട്ടിൽ നേഘ എൽദോ 3.70 മീറ്റർ ഉയരം മറികടന്ന്‌ വെങ്കലവും സ്വന്തമാക്കി. ഹർഡിൽസിൽ കലിക്കറ്റിന്റെ പ്രതീക്ഷയായിരുന്ന വി പി റാഹിൽ സക്കീർ ഫൈനലിൽ ഹർഡിൽ തട്ടിവീണത്‌ നിരാശയായി. വനിതകളുടെ ലോങ്‌ജന്പിൽ ലക്ഷദ്വീപിന്റെ മുബസീന മുഹമ്മദ്‌ 6.15 മീറ്റർ ചാടി സ്വർണം നേടി. റോബർട്ട്‌ ബോബി ജോർജ്‌ ആണ്‌ കോച്ച്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home