print edition തീരം തൊട്ടു നഗോയ

ഏഷ്യൻ ഗെയിംസിനെത്തിയ അത്ലീറ്റുകളെ വാദ്യമേളങ്ങളോടെ സ്വീകരിക്കുന്ന ജപ്പാനിലെ കലാകാരൻമാർ
നഗോയ: ഏഷ്യൻ ഗെയിംസിന്റെ ഇരുപതാം പതിപ്പിന് ജപ്പാനിലെ ഐചി നഗോയയിൽ നാളെത്തുടക്കം. മിസുഹോ പാർക് അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം പകൽ 1.30നാണ് ഒൗദ്യോഗിക ഉദ്‌ഘാടനം. ഏകദേശം 11000 കായിക താരങ്ങൾ മേളയ്‌ക്കെത്തും. ഒഫീഷ്യൽസ് ഉൾപ്പെടെ എണ്ണം 17000 ആകും.
പാരിസ് ഒളിന്പിക്‌സിനെക്കാൾ കൂടുതലാണ് കായിക താരങ്ങളുടെ എണ്ണം. അതേസമയം, മോശം കാലാവസ്ഥ ഗെയിംസിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സംഘാടകർ. മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റും മത്സരങ്ങളെ ബാധിക്കും. വരുംദിവസങ്ങളിൽ ചുഴലിക്കാറ്റ് ആതിഥേയ നഗരമായ നഗോയ തൊടുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴ പല മത്സരങ്ങളെയും ഇതിനകം തടസപ്പെടുത്തിയിട്ടുണ്ട്.
45 രാജ്യങ്ങൾ. ആകെ 43 കായിക ഇനങ്ങളിലായി 469 മെഡൽ മത്സരങ്ങളാണ് ഗെയിംസിൽ. ഇതിൽ ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ്, ടെക്‌ബോൾ തുടങ്ങിയ മത്സരങ്ങൾ ആരംഭിച്ചു.
ടെക്‌ബോൾ, മിക്‌സഡ് മാർഷ്യൽ ആർട്‌സ്, പാഡിൽ സർഫിങ്, വിർച്വൽ തയ്‌ക്വൊണ്ടോ എന്നിവയാണ് പുതിയ ഇനങ്ങൾ. അന്പെയ്‌ത്ത്, ഹോക്കി, സെയ്‌ലിങ്, സ്‌ക്വാഷ്, ടെന്നീസ്, ട്രയാത്‌ലൺ എന്നീ ഏഴിനങ്ങളിലെ ജേതാക്കൾക്ക് 2028 ലൊസ് ആഞ്ചലസ് ഒളിന്പിക്‌സിലേക്ക് നേരിട്ട് യോഗ്യത കിട്ടും.
രണ്ട് മണിക്കൂറായിരിക്കും ഉദ്‌ഘാടന ചടങ്ങുകൾ. ജാപ്പനീസ് ചലച്ചിത്ര സംവിധായകൻ യുകിഹികോ സുറ്റ്‌സുമിയാണ് ഉദ്‌ഘാടന ചടങ്ങുകളുടെ ആസൂത്രകൻ.
ഗെയിംസിനെത്തിയ രാജ്യങ്ങളിൽ നിലവിലെ ജേതാക്കളായ ചൈനയ്‌ക്കാണ് ഏറ്റവും വലിയ സംഘം. 815 കായിക താരങ്ങളാണ് ചൈനയ്‌ക്കുള്ളത്. ഇന്ത്യയുടെ എണ്ണം 499 ആണ്. നീന്തൽ 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ ലോക റെക്കോഡുകാരൻ ചൈനയുടെ പാൻ ഷാൻലി, പാരിസ് ഒളിന്പിക്‌സ് ഇരട്ട സ്വർണ മെഡൽ ജേതാവ് ഫിലിപ്പീൻസ് ജിംനാസ്‌റ്റിക്‌സ് താരം കാർലോ യുലോ, പുരുഷ ജാവലിൻ പുത്തൻ താരോദയം ശ്രീലങ്കയുടെ രുമേഷ് തരംഗ പതിരഗെ, വനിതകളിലെ ഒളിന്പിക് ചാന്പ്യൻ ഹറുക കിതാഗുചി, ബാഡ്‌മിന്റൺ വനിതാ ലോക ചാന്പ്യൻ ദക്ഷിണ കൊറിയയുടെ ആൻ സെ യങ് എന്നിവരാണ് ഗെയിംസിലെ പ്രധാന താരങ്ങൾ.
ഇന്ത്യ ഇക്കുറി ഏറെ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ഷൂട്ടിങ്, അത്‌ലറ്റിക്‌സ്, ഗുസ്‌തി, ക്രിക്കറ്റ് ഇനങ്ങളിൽ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അത്‌ലറ്റിക്‌സിൽ മലയാളി താരങ്ങളായ ആൻസി സോജൻ, കെ എ അനാമിക, എം ശ്രീശങ്കർ, പി മുഹമ്മദ് അഫ്‌സൽ എന്നിവരും പ്രതീക്ഷ നൽകുന്നു. അവിനാഷ് സാബ്‌ലെ, തേജസ്വിൻ ശങ്കർ എന്നിവരും അത്‌ലറ്റിക്‌സിലെ പ്രധാനികളാണ്.










0 comments