print edition അഭിഷേക് മിന്നൽ

ഡൽഹിയിൽ നടന്ന മൂന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ ആഘോഷം /ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: ബൗണ്ടറികളുടെ മാലപ്പടക്കം തീർത്ത് അഭിഷേക് ശർമ അഫ്‌ഗാനിസ്ഥാനെ കെട്ടുകെട്ടിച്ചു. ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബൗളർമാരെ അമ്മാനമാടിയ ഇടംകൈയൻ 30 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി ചരിത്രംകുറിച്ചു. ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചുറിയാണ്.
35 പന്തിൽ നേട്ടം കുറിച്ച രോഹിത് ശർമയുടെ റെക്കോഡ് തിരുത്തി. ടെസ്‌റ്റ് പദവിയുള്ള രാജ്യങ്ങളിലെ അതിവേഗ സെഞ്ചുറിക്കാരിലും ഒന്നാമനായി. ആകെ പട്ടികയിൽ മൂന്നാമൻ. 27 പന്തിൽ മൂന്നക്കംകണ്ട എസ്‌റ്റോണിയയുടെ സഹിൽ ചൗഹാനാണ് ഒന്നാമത്.
മൂന്നാം മത്സരത്തിൽ അഫ്‌ഗാനെ 127 റണ്ണിന് തകർത്ത ഇന്ത്യ പരമ്പര 3–0ന് തൂത്തുവാരി.
സ്-കോർ: ഇന്ത്യ 221/7 ; അഫ്‌ഗാനിസ്ഥാൻ 94 (14.1).
34 പന്തിൽ 108 റണ്ണെടുത്തായിരുന്നു അഭിഷേകിന്റെ മടക്കം. 11 സിക്‌സറും ഒന്പത് ഫോറും ഉൾപ്പെട്ടു. ട്വന്റി20യിൽ മൂന്നാം സെഞ്ചുറിയാണ്.
പരന്പരയിൽ തുടർച്ചയായ രണ്ടാം അർധസെഞ്ചുറി സ്വന്തമാക്കിയ മലയാളി വിക്കറ്റ് കീപ്പർ സഞ്‌ജു സാംസൺ (35 പന്തിൽ 50) മികച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും 59 പന്തിൽ 142 റണ്ണടിച്ചു. ഇതിൽ 34 റൺ മാത്രമായിരുന്നു സഞ്‌ജുവിന്റെ സംഭാവന. ആറോവറിൽ ഇന്ത്യ 100 റണ്ണിലെത്തി. അഫ്‌ഗാൻ സ്‌പിന്നർ മുഹമ്മദ് നബിയുടെ ഒരോവറിൽ 29 റണ്ണാണ് അടിച്ചുകൂട്ടിയത്.
റാഷിദ് ഖാനാണ് അഭിഷേകിനെ മടക്കിയത്. സഞ്‌ജുവിന്റെ ഇന്നിങ്‌സിൽ നാല് സിക്‌സറും രണ്ട് ഫോറും ഉൾപ്പെട്ടു. അസ്‌മത്തുള്ള ഒമർസായിയുടെ പന്തിൽ റാഷിദ് തകർപ്പൻ ക്യാച്ചിലൂടെ വലംകൈയനെ പുറത്താക്കി. ട്വന്റി20 ക്രിക്കറ്റിൽ 9000 റണ്ണും മുപ്പത്തൊന്നുകാരൻ പൂർത്തിയാക്കി.
ശേഷമെത്തിയവരിൽ ആർക്കും മികച്ച സ്‌കോർ കണ്ടെത്താനായില്ല. 20 പന്തിൽ 29 റണ്ണെടുത്ത ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ മാത്രം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. തിലക് വർമ (2), ശിവം ദുബെ (14), ഇഷാൻ കിഷൻ (10), നിതീഷ് കുമാർ റെഡ്ഡി (1) എന്നിവർക്കൊന്നും തിളങ്ങാനായില്ല.
മറുപടിക്കെത്തിയ അഫ്‌ഗാന് പിടിച്ചുനിൽക്കാനായില്ല. മൂന്ന് വിക്കറ്റുമായി നിതീഷ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങി. രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് നേടി. അക്‌സർ പട്ടേൽ രണ്ട് വിക്കറ്റെടുത്തു.










0 comments