ad
Deshabhimani

print edition മിഴി തുറന്നു നഗോയ; ഏഷ്യൻ ഗെയിംസിന്‌ ജപ്പാനിലെ നഗോയയിൽ തുടക്കം

Asian games
വെബ് ഡെസ്ക്

Published on Sep 20, 2026, 01:33 AM | 1 min read

നഗോയ (ജപ്പാൻ) : ഒരുമയുടെ സംഗീതം പൊഴിച്ച്‌ നഗാേയ മിഴിതുറന്നു. ആടിപ്പാടി കളിക്കാരെ വരവേറ്റു. നഗോയ ഇനി വെറുമൊരു ജാപ്പനീസ്‌ നഗരമല്ല, ഏഷ്യൻ കളിത്തട്ടാണ്‌. ഇരുപതാം ഏഷ്യൻ ഗെയിംസിനാണ്‌ ദീപം തെളിഞ്ഞത്‌. രണ്ടാഴ്‌ച കായികലോകത്തെ അതിശയിപ്പിക്കുന്ന കളികൾ കാണാം. തുറമുഖ നഗരമായ ഐച്ചി –നഗോയയിലെ പലോമ മിസുഹോ സ്‌റ്റേഡിയത്തിൽ രണ്ട്‌ മണിക്കൂർ നീണ്ട ഉദ്‌ഘാടനചടങ്ങുകൾ ലോകത്തെ വിസ്‌മയിപ്പിച്ചു.


ജാപ്പനീസ്‌ ചരിത്രവും പാരമ്പര്യവും വിളംബരം ചെയ്‌ത നൃത്ത–സംഗീതവിരുന്നിനാണ്‌ സാക്ഷിയായത്‌. ‘ഒരുമയുടെ ഹൃദയതാളം’ എന്ന ആശയത്തിൽ ചിട്ടപ്പെടുത്തിയ കലാപരിപാടികൾ ‘ഒറ്റ ഏഷ്യ’യെന്ന സങ്കൽപ്പത്തിലേക്കുള്ള ചുവടുകളായി. സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തിയ ഹൈടെക്‌ വിരുന്നെന്ന്‌ നിസ്സംശയം പറയാം.


നിറഞ്ഞ കരഘോഷങ്ങൾക്ക്‌ നടുവിലേക്കാണ്‌ അത്‌ലീറ്റുകൾ ചുവടുവച്ചത്‌. ആദ്യ ഉ‍ൗഴം അഫ്‌ഗാനിസ്ഥാനായിരുന്നു. തുടർന്ന്‌ ദേശീയ പതാകയേന്തി രാജ്യങ്ങൾ ഒന്നൊന്നായി മൈതാനത്തേക്ക്‌ വന്നു. ഇന്ത്യൻ ടീമിനെ നയിച്ചത്‌ ഷൂട്ടർ മനു ഭാക്കെറും കബഡി താരം പവൻ ഷെഹ്‌രാവതുമായിരുന്നു. 499 അംഗ ഇന്ത്യൻ ടീമിലെ 153 പേർ മാർച്ച്‌പാസ്‌റ്റിൽ അണിനിരന്നു. രണ്ട്‌ അത്‌ലീറ്റുകൾ ഉൾപ്പെട്ട ഏഷ്യൻ അഭയാർഥി ടീമും മാർച്ച്‌പാസ്‌റ്റിനുണ്ടായിരുന്നു.


ജപ്പാന്റെ ഹാമർത്രോ താരങ്ങളായിരുന്ന ഷിഗെനോബു മുറോഫുഷിയും മകൻ കോജി മുറോഫുഷിയും ചേർന്നാണ്‌ ദീപം തെളിച്ചത്‌. ജപ്പാൻ ചക്രവർത്തി നരുഹിതോ ഉദ്‌ഘാടനം ചെയ്‌തു. ഒ‍ൗദ്യോഗിക ഉദ്‌ഘാടനത്തിനുമുന്പ്‌ ചില മത്സരങ്ങൾ തുടങ്ങിയിരുന്നു. ഞായറാഴ്‌ച മുതൽ കളിക്കളങ്ങൾ സജീവമാകും. 45 രാജ്യങ്ങളിലെ 11,000 അത്‌ലീറ്റുകളാണ്‌ 43 ഇനങ്ങളിൽ മത്സരിക്കുന്നത്‌. 469 സ്വർണമെഡലുകൾക്കായാണ്‌ ഒക്‌ടോബർ നാലുവരെ നീളുന്ന പോരാട്ടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home