എഴുത്തുലോട്ടറി, ഓൺലൈൻ ചൂതാട്ടം ; മൗനാനുവാദംനൽകി സർക്കാർ

എം സനോജ്
Published on Sep 20, 2026, 01:38 AM | 1 min read
ഒറ്റപ്പാലം
കേരള ലോട്ടറിയുടെ വിറ്റുവരവ് പ്രതിസന്ധിയിലാക്കി എഴുത്തുലോട്ടറി, ഓൺലൈൻ ചൂതാട്ടം എന്നിവ വ്യാപിക്കുന്പോൾ മൗനം പാലിച്ച് യുഡിഎഫ് സർക്കാർ. ചെർപ്പുളശേരി, അനങ്ങനടി, ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിലാണ് എഴുത്തുലോട്ടറി വ്യാപകമായിരിക്കുന്നത്. എഴുത്തുലോട്ടറിയിൽ ഒരു നറുക്കിന് 10 രൂപയാണ് നൽകേണ്ടത്. എത്ര നറുക്ക് വേണമെങ്കിലും ഒരാൾക്ക് എടുക്കാം. ഒരു നമ്പർ എഴുതി നറുക്ക് കിട്ടിയാൽ സമ്മാനത്തുകയായി 5000 രൂപ ലഭിക്കും. അടിച്ച നമ്പർ കൂടുതൽ തവണ എഴുതുകയാണെങ്കിൽ അതിനനുസരിച്ച് തുക കിട്ടും. ഉദാഹരണത്തിന് 50 രൂപ മുടക്കി അഞ്ച് നറുക്ക് കൂടിയാൽ എഴുതിയ നമ്പർ വീണാൽ 25,000 രൂപ ലഭിക്കും. ഇങ്ങനെയാണ് എഴുത്തുലോട്ടറിയുടെ രീതി. നിരവധി ഏജന്റുമാരാണ് ഓൺലൈൻ ചൂതാട്ടത്തിനുള്ളത്. നറുക്ക് നമ്പറും ഫോൺ നമ്പറും തുകയും നേരിട്ട് നൽകണം. ഇവരുടെ വാട്സാപ് ഗ്രൂപ്പിൽ ചേർത്ത് സമ്മാനവിവരം അറിയിക്കും. ഒരു ദിവസം നാല് നറുക്കെടുപ്പാണ് നടത്തുന്നത്. ഏജൻസികൾ ജോലിക്ക് ആളുകളെവച്ചാണ് നാട്ടിൻപുറങ്ങളിലും നഗരത്തിലും ഇവ നടത്തുന്നത്. ഇതിനെതിരെ ലോട്ടറി ഏജന്റ്‌സ് ആൻഡ് വർക്കേഴ്സ് യൂണിയൻ ഭാരവാഹികൾ പരാതി നൽകിയിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. എവിടെയാണ് എഴുത്തുലോട്ടറിയുടെ ഉറവിടം എന്ന് ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും തുടങ്ങിയിട്ടില്ല. എഴുത്തുലോട്ടറി സജീവമായതോടെ ഓണം ബംബറടക്കമുള്ള സർക്കാർ ലോട്ടറികൾ വിൽക്കാതെ ബാക്കിയായിരിക്കുകയാണ്.









0 comments