print edition വൈദ്യുതി കരാർ പ്രചാരണത്തിൽ മാത്രം

തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കരാറുകൾക്ക് ചർച്ച നടത്തുന്നതായി അവകാശപ്പെടുന്പോഴും ജനങ്ങളുടെ ദുരിതം ഒഴിവാക്കാൻ നടപടിയില്ലാതെ സർക്കാർ. കെഎസ്‌ഇബി ഡയറക്‌ടർമാർ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ചർച്ചയിൽ കരാർ വാഗ്‌ദാനം ലഭിച്ചെന്ന പ്രചാരണം മാത്രമെയുള്ളു. ഒന്നും ഫലവത്താവുന്നില്ല.
കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറുകൾക്കാണ് ലക്ഷ്യമിടുന്നത്. അതിന് റെഗുലേറ്ററി കമീഷന്റെ അനുവാദം വേണം. കമീഷനുമുന്നിൽ ഇതുവരെയും ഒരു കരാർ നിർദേശവും എത്തിയിട്ടില്ല. കെഎസ്‌ഇബി ആവശ്യപ്പെട്ടാൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കമീഷൻ വൃത്തങ്ങൾ പറഞ്ഞു. ഇൗ മാസത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള കരാറും ആയിട്ടില്ല. ജനുവരി മുതൽ മഹാരാഷ്‌ട്രയിലെ മഹാജെൻ ഗോയിൽനിന്ന് 270 മെഗാവാട്ട് വൈദ്യുതി ലഭിച്ചേക്കും.
യൂണിറ്റിന് 5.20 രൂപയ്‌ക്കുള്ള ദീർഘകാല കാരാറിനാണ് ശ്രമം. ന്യൂക്ലിയർ പവർ കോർപറേഷനിൽനിന്ന് വൈദ്യുതി കിട്ടാൻ സാധ്യതയുണ്ടെങ്കിലും വലിയവില നൽകണം. സ്വകാര്യ കന്പനികളിൽനിന്ന് യൂണിറ്റിന് 11 രൂപയിൽ കൂടുതൽ നൽകി വൈദ്യുതി വാങ്ങാനും ശ്രമമുണ്ട്. വൈദ്യുതി ലഭ്യതയിൽ സ്ഥിരത ഉറപ്പാക്കാൻ കഴിയാത്തതിനാൽ വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം തുടരുകയാണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും കടുത്ത ചൂട് തുടരുന്നതിനാൽ വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തുടരുന്നു. വെള്ളിയാഴ്‌ചത്തെ ഉപയോഗം 99.43 ദശലക്ഷം യൂണിറ്റാണ്. വ്യാഴം 99.92 ദശലക്ഷം യൂണിറ്റിലേക്ക് ഉപയോഗം എത്തിയിരുന്നു.









0 comments