2022 ൽ 106, 2026 ൽ 85; ഏഷ്യൻ ഗെയിംസിലെ ആകെ മെഡൽ നേട്ടത്തിൽ ഇന്ത്യ താഴോട്ട്

നഗോയ: 2026 ലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ നിറം മങ്ങി ഇന്ത്യ. 2022 ലേത് അപേക്ഷിച്ച് മെഡൽ നേട്ടത്തിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. സ്വർണ നേട്ടം 28 ൽ നിന്ന് 21 ആയി കുറഞ്ഞു. 2022 ൽ 106 മെഡലുകളാണ് ഇന്ത്യ കരസ്ഥമാക്കിയിരുന്നത്. 28 സ്വർണം, 38 വെള്ളി, 40 വെങ്കലം എന്നിവയുൾപ്പെടെ 106 മെഡലുകൾ നേടിയ റെക്കോർഡോടെയാണ് ഇന്ത്യ വേദിയിൽ നിന്ന് പടിയിറങ്ങിയത്.
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100 മെഡലുകളിൽ കൂടുതൽ നേടിയത് നാല് രാജ്യങ്ങൾ മാത്രമാണ്. അതിലിടംപിടിക്കാൻ ഇന്ത്യക്കായി. നാലുവർഷങ്ങൾക്കിപ്പുറം ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ ഗണ്യമായ കുറവ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ആകെ സ്വർണ നേട്ടത്തിന്റെ 28.6 ശതമാനം മാത്രമാണ് ഇന്ത്യയുടേതായത്.
ചൈനയിൽ ഇന്ത്യയുടെ റെക്കോർഡ് പ്രകടനം ഷൂട്ടിങിലായിരുന്നു. 7 സ്വർണമാണ് ഇന്ത്യ ഷൂട്ടിങിൽ മാത്രം 2022ൽ സ്വന്തമാക്കിയത്. ആ ഏഴു സ്വർണമെഡൽ നേട്ടമൊന്നും ഇത്തവണ നമുക്കുണ്ടായില്ല. അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിൽ ഇത്തവണ 3 സ്വർണ മെഡലുകൾ ഇന്ത്യ നിലനിർത്തി. ക്രിക്കറ്റിലെ പുരുഷ, വനിതാ ടീമുകളും കബഡി പുരുഷ, വനിതാ ടീമുകളും സുവർണ നേട്ടം ഇത്തവണയും ആവർത്തിച്ചു.
പുരുഷ ഹോക്കിയിലും ഇന്ത്യ സ്വർണം വിട്ടുകൊടുക്കാതെ നിലനിർത്തി. 36,441 കോടി രൂപയാണ് കായിക ഉന്നമനത്തിനായി ഇന്ത്യ ബഡ്ജറ്റിൽ നീക്കി വച്ചത്. 2022 ൽ ഇത് 3,062.60 കോടി രൂപയായിരുന്നു. തുകയിൽ വർദ്ധനവ് ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിൽ പ്രതിഫലിച്ചില്ല. പരിശീലനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി നീക്കിവച്ച തുക കൃത്യമായി വിനിയോഗിക്കപ്പെട്ട എന്നും ആശങ്കയുയർത്തുന്നതാണ് ഇന്ത്യയുടെ മെഡൽ നില.









0 comments