print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു


നിഖിൽ രവീന്ദ്രൻ
Published on Nov 25, 2026, 02:05 AM | 1 min read
പാലക്കാട്: തമിഴ്നാട്ടിലെ കടലൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കയറ്റുമതി നിലച്ചതോടെ കോഴിമുട്ടയ്ക്ക് വിലയിടിഞ്ഞു. ഇന്ത്യയിൽനിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തിയതോടെ നാമക്കലിൽ മുട്ടകൾ കയറ്റുമതി ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണ്.
നാമക്കൽ, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂർ ജില്ലകളിലായി 1600ലധികം കോഴിഫാമുകളുണ്ട്. ദിവസേന ആറ് മുതൽ ഏഴ് കോടി വരെ മുട്ടയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. തമിഴ്നാട് സർക്കാരിന്റെ സൗജന്യ വിതരണ പദ്ധതിക്കും വിദേശ കയറ്റുമതിക്കുമാണ് ഇൗ മുട്ട കൂടുതലായി ഉപയോഗിക്കുന്നത്. പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്കാണ് കയറ്റുമതി. 20–25 ശതമാനത്തോളം കയറ്റുമതി ഒമാനിലേക്കാണ്. ഇന്ത്യയിലെ മുട്ട കയറ്റുമതിയുടെ 90 ശതമാനവും നാമക്കൽ മേഖലയിൽനിന്നാണ്.
കേരളം, കർണാടകം, പുതുച്ചേരി, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്നാണ് മുട്ട എത്തിക്കുന്നത്. ശബരിമല സീസൺ തുടങ്ങിയതോടെ മുട്ട ഉപയോഗത്തിൽ കുറവുവന്നു. ഏഴിന് നാമക്കലിൽ 6.70 രൂപയായിരുന്നു മുട്ടവില. കഴിഞ്ഞദിവസം ഇത് 5.60 രൂപയായി കുറഞ്ഞു. കേരളത്തിലെ ചില്ലറ വിപണിയിൽ കോഴിമുട്ടയ്ക്ക് എട്ടു മുതൽ ഒമ്പതുരൂപവരെ എത്തിയിരുന്നു. ഇപ്പോൾ ആറുരൂപയായി താഴ്ന്നു.








0 comments