ad
Deshabhimani

print edition ജപ്പാൻ വിളിക്കുന്നു... ഏഷ്യൻ ​ഗെയിംസിന് ഇനി 16 ദിവസം

asian games
വെബ് ഡെസ്ക്

Published on Sep 03, 2026, 01:00 AM | 1 min read

ടോക്യോ : ‘ഏഷ്യയുടെ ഒളിമ്പിക്‌സി’നായി ജപ്പാൻ അണിഞ്ഞൊരുങ്ങുന്നു. ഏഷ്യൻ ഗെയിംസിന്റെ ഇരുപതാം പതിപ്പാണ്‌. ജപ്പാനിലെ ഐചി–നഗോയ നഗരമാണ്‌ വേദി. 19 മുതൽ ഒക്‌ടോബർ നാലുവരെയാണ്‌ മത്സരങ്ങൾ. ഇത്തവണ ആദ്യ ഗെയിംസ്‌ തുടങ്ങി 75–ാം വർഷംകൂടിയാണ്‌. മൂന്നാം തവണയാണ്‌ ജപ്പാൻ ഏഷ്യയിലെ ഏറ്റവും വലിയ കായികോത്സവത്തിന്‌ ആതിഥേയരാകുന്നത്‌. 1958ൽ ടോക്യോയും 1994ൽ ഹിരോഷിമയും ഗെയിംസിനെ വരവേറ്റു.


ഇക്കുറി ഇന്ത്യയടക്കം 45 രാജ്യങ്ങളാണ്‌ പങ്കെടുക്കുന്നത്‌. 43 കായിക ഇനങ്ങളിലായി 469 മെഡലുകൾ നിശ്‌ചയിക്കപ്പെടും. ഏകദേശം 15,000 കായികതാരങ്ങൾ മാറ്റുരയ്‌ക്കും. ബാസ്‌കറ്റ്‌ബോൾ മത്സരങ്ങൾ 10ന്‌ തുടങ്ങും. 14ന്‌ ഫുട്‌ബോളുണ്ട്‌. 19ന്‌ ഉദ്‌ഘാടനചടങ്ങും കായികതാരങ്ങളുടെ മാർച്ച്‌പാസ്‌റ്റും നടക്കും. ഗ്ലാമർ ഇനമായ അത്‌ലറ്റിക്‌സ്‌ 23 മുതൽ 29വരെയാണ്‌. 50 ഇനങ്ങളിലാണ്‌ മത്സരം.


ഗെയിംസിൽ ചൈനയുടെ ആധിപത്യമാണ്‌. തുടർച്ചയായി 11 തവണയായി ചൈനയാണ്‌ ഓവറോൾ ജേതാക്കൾ. എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ്‌ നേട്ടം. കഴിഞ്ഞതവണ 201 സ്വർണമടക്കം 383 മെഡലാണ്‌ വാരിയത്‌. ചൈനയിലെ ഹാങ്ഷുവിലാണ്‌ 2023ൽ ഗെയിംസ്‌ നടന്നത്‌. 2022ൽ നടക്കേണ്ടതായിരുന്നു. ജപ്പാൻ 52 സ്വർണമടക്കം 188 മെഡൽ നേടി. ദക്ഷിണകൊറിയ 42 സ്വർണത്തോടെ 190 മെഡൽ നേടി. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടത്തോടെ നാലാമതായി. 28 സ്വർണവും 38 വെള്ളിയും 40 വെങ്കലവുമടക്കം 106 മെഡൽ. ആദ്യമായാണ്‌ മെഡൽനേട്ടം 100 കടന്നത്‌.


ഇന്ത്യ രണ്ട്‌ തവണയാണ്‌ ആതിഥേയരായത്‌. 1951ൽ ആദ്യ ഗെയിംസിനുശേഷം 1982ലാണ്‌ അവസരം കിട്ടിയത്‌. രണ്ട്‌ തവണയും ന്യൂഡൽഹിയാണ്‌ വേദിയായത്‌. ആദ്യ എട്ട്‌ ഗെയിംസിലും ജപ്പാന്റെ ആധിപത്യമായിരുന്നു. 1974ൽ മൂന്നാംസ്ഥാനത്തെത്തിയ ചൈന 1978ൽ രണ്ടാമതെത്തി. 1982ൽ ഇന്ത്യൻ മണ്ണിലാണ്‌ ചൈന ഓവറോൾ കിരീടം നേടുന്നത്‌. പിന്നീട്‌ ഇതുവരെ ആധിപത്യം വിട്ടുകൊടുത്തിട്ടില്ല. ഇക്കുറിയും ചൈനീസ്‌ ആധിപത്യത്തിന്‌ വെല്ലുവിളിയുണ്ടാകാൻ സാധ്യതയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home