print edition ഏഷ്യൻ ഗെയിംസിന് ഇനി 12 ദിവസം; കണ്ടെയ്‌നർ വീടുകൾ തയ്യാർ

പട്യാലയിലെ ഇന്ത്യൻ ക്യാമ്പിൽ സ്ഥാപിച്ച കണ്ടെയ്നർ വീടിന് മുന്നിൽ അത്ലീറ്റ്
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ താരങ്ങൾക്ക് കണ്ടെയ്‌നർ വീടിന്റെ മാതൃക ഒരുക്കി തയ്യാറെടുപ്പ്. പരിശീലന ക്യാമ്പുകൾ നടക്കുന്ന പട്യാലയിലും ബംഗളൂരുവിലുമാണ് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) താൽക്കാലിക വീടുകൾ ഒരുക്കിയത്. ഗെയിംസ് നടക്കുന്ന ജപ്പാനിലെ ഐചി–നഗോയ നഗരത്തിൽ അത്‌ലീറ്റുകൾക്ക് തയ്യാറാക്കിയ വീടുകളുടെ മാതൃകയിലാണ് നിർമാണം. ചെറിയ മുറികളാണ്. സൗകര്യങ്ങളും കുറവാണ്. അതിൽ താമസിച്ചുള്ള പരിചയമാണ് ഉദ്ദേശം.
ജപ്പാനിൽ വിശാലമായ ഗെയിംസ് വില്ലേജില്ല. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി അത്‌ലീറ്റുകൾക്ക് കണ്ടെയ്‌നർ മുറികളാണ് ഒരുക്കിയിട്ടുള്ളത്. യാത്രാകപ്പലിലേയും ഹോട്ടലിലേയും മുറികളിലുമാണ് താമസസൗകര്യം. ഇന്ത്യയുടെ എല്ലാ അത്‌ലീറ്റുകൾക്കും താമസിച്ച് പരിചയം നേടാൻ അവസരമുണ്ട്. ഷോട്ട്‌പുട്ട് താരം തജീന്ദർപാൽ സിങ് ടൂറും ഡിസ്‌കസ് ത്രോ താരം സീമ കലിറാംനയും അടക്കമുള്ള അത്‌ലീറ്റുകൾ കഴിഞ്ഞ ദിവസം പട്യാല ക്യാമ്പിലെ കണ്ടെയ്‌നർ വീട്ടിൽ താമസിച്ച് സാഹചര്യങ്ങൾ മനസ്സിലാക്കി.










0 comments