പൊലിയുന്നത് നിരവധി ജീവൻ
മീൻവല്ലത്ത് നിയന്ത്രണം വേണം


സ്വന്തം ലേഖകൻ
Published on Sep 07, 2026, 02:00 AM | 2 min read
കല്ലടിക്കോട്
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മീൻവല്ലം ഇക്കോ ടൂറിസം കേന്ദ്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമാക്കാത്തത് അപകടഭീഷണിയാകുന്നു. മീൻവല്ലം വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നൂറുകണക്കിനുപേരാണ് ദിവസവും എത്തുന്നത്. വഴുവഴുപ്പുള്ള പാറക്കെട്ടുകളും അടിയൊഴുക്കുമുള്ള ഇവിടെ മുന്നറിയിപ്പ് ബോർഡുപോലും സ്ഥാപിച്ചിട്ടില്ല. വെള്ളച്ചാട്ടത്തിനുതാഴെയുള്ള പ്രദേശം, ഇരുട്ടുകുഴി എന്നീ ഭാഗങ്ങളാണ് അപകടഭീഷണിയാകുന്നത്. തുപ്പനാട് പുഴയുടെ ഭാഗമായ ഇവിടെ വെള്ളത്തിലിറങ്ങുന്നതാണ് അപകടങ്ങൾക്കുകാരണം. കഴിഞ്ഞ ദിവസം പാലക്കാട്ടുനിന്നെത്തിയ മൂന്നംഗ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചിരുന്നു. മീൻവല്ലത്തിന്റെ വിവിധ ഭാഗങ്ങളിൽ പത്തിലേറെ അപകടമരണങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായത്. വൈകിട്ട് നാലിനിടെ ടിക്കറ്റ് കൗണ്ടർ അടയ്‌ക്കുന്നതിനാൽ സഞ്ചാരികൾക്ക് വെള്ളച്ചാട്ടം കാണാൻ കഴിയാതെ മടങ്ങിപ്പോകേണ്ടിവരും. ഇവരിൽ ചിലർ വെള്ളത്തിലിറങ്ങാറുണ്ട്. മീൻവല്ലം ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി നിർമാണം ആരംഭിക്കുമ്പോൾ പെൻസ്‌റ്റോക്കിലൂടെ പുഴയിലേക്ക് കൂടുതൽ വെള്ളമെത്തി എല്ലാ ദിവസവും വൈകിട്ട് ആറിനുശേഷം ജലനിരപ്പ് ഉയരും. ഇൗ സമയം സുരക്ഷാ മുൻകരുതലുകളില്ലാതെ വെള്ളത്തിലിറങ്ങുന്നതാണ് അപകടം വിതയ്‌ക്കുന്നത്. വൈകിട്ടും രാത്രിയും ഇവിടെ വന്യമൃഗ ശല്യവുമുണ്ട്. മീൻവല്ലം ഗേറ്റിനകത്ത് സുരക്ഷാ ജീവനക്കാരുടെ മേൽനോട്ടമുണ്ടെങ്കിലും പുറത്തെ അപകടമേഖലകളിൽ ഇവരുടെ ശ്രദ്ധയെത്താറില്ല. അവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ആളുകൾ പുഴയിലേക്കിറങ്ങാതിരിക്കാൻ സംരക്ഷണ വേലികൾ ഒരുക്കണം. ടിക്കറ്റ് കൗണ്ടർ അടച്ചശേഷം സഞ്ചാരികൾ വഴിയിൽത്തങ്ങുന്നത് തടയാൻ പൊലീസിന്റെ പ്രത്യേക പരിശോധന വേണം. പ്രദേശത്ത് ആവശ്യത്തിന് തെരുവുവിളക്കുകൾ ഒരുക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങൾക്കായി വനം വകുപ്പും പഞ്ചായത്തും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
മീൻവല്ലം പുഴയിൽ യുവാവ് മുങ്ങിമരിച്ചു
കല്ലടിക്കോട്
കരിമ്പ പഞ്ചായത്തിലെ തുപ്പനാട് മീൻവല്ലം പുഴയിലെ മൂന്നേക്കർ തുടിക്കോട് ചപ്പാത്ത് പാലത്തിനുസമീപം യുവാവ് മുങ്ങിമരിച്ചു. മൂന്നേക്കർ ചുള്ളിയാംകുളം തടത്തിൽപ്പറമ്പിൽ ടി എം ജോർജ് (പ്രമോദ്– 44) ആണ് മരിച്ചത്. മൃതദേഹം തിങ്കൾ രാവിലെ 10ന് പുല്ലിശേരി നവജീവൻ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഞായർ പുലർച്ചെ മൂന്നോടെ വീട്ടിൽനിന്നിറങ്ങിയ പ്രമോദിനെ കാണാതായ വിവരമറിഞ്ഞ് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പുഴയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 9.30ന് മരിച്ചു. പുഴയിൽ വീണതിനെത്തുടർന്ന് ശ്വാസകോശത്തിൽ വെള്ളം കയറിയതും തലയ്‌ക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കല്ലടിക്കോട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രമോദ് ഓട്ടോറിക്ഷാ തൊഴിലാളിയാണ്. അച്ഛൻ: പരേതനായ മത്തായി. അമ്മ: വത്സമ്മ. ഭാര്യ: മീനു. മക്കൾ: മെറിൻ, മിലൻ.









0 comments