ad
Deshabhimani

പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌

ഹ‍ൗസ്‌ സർജന്മാരുടെ 
സമരം വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 07, 2026, 02:00 AM | 2 min read

പാലക്കാട്‌

പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിൽ മരുന്നും സജ്ജീകരണങ്ങളുമില്ലാത്തതിൽ പ്രതിഷേധിച്ച്‌ ഹ‍ൗസ്‌ സർജൻ അസോസിയേഷൻ നടത്തിയ അനിശ്ചിതകാല സമരം വിജയം. അത്യാഹിത വിഭാഗത്തിലേക്കാവശ്യമായ മരുന്നുകളെത്തിക്കുക, എക്‌സ്‌റേ, ഇസിജി, ഫാർമസി എന്നിവിടങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച്‌ പ്രവർത്തനസമയം വർധിപ്പിക്കുക, എക്‌സ്‌റേ മെഷീൻ പ്രവർത്തനക്ഷമമാക്കുക, രാജിക്കത്ത്‌ നൽകിയ ആശുപത്രി അഡ്‌മിനിസ്ട്രേഷൻ അധികാരികളുടെ കത്തുകൾ സർക്കാരിലേക്ക്‌ കൈമാറുക, അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നതിന് ഹ‍ൗസ്‌ സർജൻ അസോസിയേഷന്റെയും യൂണിയന്റെയും പിടിഎയുടെ പ്രതിനിധികളുള്ള മേൽനോട്ട സമിതി ര‍ൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചതിനാലാണ്‌ സമരം അവസാനിപ്പിക്കുന്നതെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരത്തിന്റെ അഞ്ചാംദിവസം ഹ‍ൗസ്‌ സർജന്മാർ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തിയിരുന്നു. സമരം കോളേജിന്‌ പുറത്തേക്കും വ്യാപിപ്പിച്ചതോടെയാണ്‌ വകുപ്പ്‌ മന്ത്രി വിഷയത്തിൽ ഇടപെട്ടത്‌. അത്യാഹിത വിഭാഗത്തിലേക്കാവശ്യമായ മരുന്നുകളെത്തിച്ചിട്ടുണ്ടെന്നും എക്സ്-റേ മെഷീൻ പ്രവർത്തിക്കാൻ തുടങ്ങിയതും പരിശോധിച്ചശേഷമാണ്‌ സമരം അവസാനിപ്പിക്കുന്നതെന്ന്‌ ഹ‍ൗസ്‌ സർജന്മാർ പറഞ്ഞു. പത്താം തീയതി മെഡിക്കൽ കോളേജിലെത്തുന്ന മന്ത്രി ചർച്ച നടത്താമെന്നും അറിയിച്ചിട്ടുണ്ട്‌. സമരത്തിന്റെ മൂന്നാംദിനം കിട്ടിയത്‌ ഡയറക്ടറുടെ മാത്രം മറുപടിയായിരുന്നു. അതും കൃത്യമായി പാലിച്ചില്ല. അതാണ്‌ സമരം തുടർന്നത്‌. അത്യാഹിത വിഭാഗത്തിൽ മരുന്ന്‌ എത്തിക്കുമെന്ന്‌ പറഞ്ഞശേഷം ഫാർമസിയിൽനിന്ന് ഒരു ചെറിയൊരു ബോക്‌സിൽ കുറച്ച്‌ മരുന്ന്‌ അവിടെ കൊണ്ടുവയ്‌ക്കുകയാണ് ചെയ്തത്. സമരത്തിന്റെ ഭാഗമായി സ്ഥാപിച്ച പരാതിപ്പെട്ടിയിൽ നിരവധി പരാതികളാണ്‌ ലഭിച്ചതെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ. ഗ‍ൗതം കൃഷ്ണ, സെക്രട്ടറി ഡോ. സി എം അഭിയ, നിർവാഹക സമിതി അംഗങ്ങളായ ഡോ. എം കെ അഭിജിത്ത്, ഡോ. പി എൽ നിഥിൻ, ഡോ. മീനു അശോക്, ഡോ. വി എസ്‌ ധനഞ്‌ജയ്‌ എന്നിവർ പറഞ്ഞു.


"ഒരു ദിവസം പെട്ടെന്ന് ഡോക്ടർമാരായവരല്ല' മുന്പും സമരം നടത്തിയിട്ടുണ്ട്‌

പാലക്കാട്‌

‘ഞങ്ങൾ ഒരു ദിവസം പെട്ടെന്ന് ഡോക്ടർമാരായവരല്ല, ഇ‍ൗ മെഡിക്കൽ കോളേജിൽതന്നെ പഠിച്ചയാളുകളാണ്. ഞങ്ങൾ വിദ്യാർഥികളായിരുന്നപ്പോഴും കോളേജിന്റെ ആവശ്യങ്ങൾക്കായി സമരം ചെയ്തിട്ടുണ്ട്. സമരം ചെയ്ത് അവകാശങ്ങൾ നേടിയെടുത്തിട്ടുള്ള ചരിത്രം ഞങ്ങൾക്കുണ്ട്’– ഹ‍ൗസ്‌ സർജൻ അസോസിയേഷൻ നടത്തിയ അനിശ്ചിതകാല സമരം രാഷ്‌ട്രീയ ലക്ഷ്യമിട്ടാണെന്ന എംപിയുടെ പ്രതികരണത്തിനുള്ള ഹ‍ൗസ്‌ സർജന്മാരുടെ മറുപടി ഇങ്ങനെ. ഹൗസ് സർജൻ അസോസിയേഷൻ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർടിയും പിന്തുണയ്ക്കുന്നില്ല. അതിലെ അംഗങ്ങൾക്ക്‌ വ്യക്തിപരമായിട്ട് രാഷ്ട്രീയമുണ്ടാകും. അതുകൊണ്ട് ഈയൊരു സമരത്തെ രാഷ്ട്രീയവൽക്കരിക്കരുത്. പലരും ഇതിനെ രാഷ്ട്രീയവൽക്കരിക്കുന്നുണ്ട്. മാത്രവുമല്ല ഞങ്ങൾ വിദ്യാർഥികളായിരുന്നപ്പോഴും സമരം ചെയ്യേണ്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. കോളേജിന്റെ ഉന്നമനത്തിനുവേണ്ടി അന്ന്‌ നടത്തിയ സമരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്‌. അത്യാഹിത വിഭാഗത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരവധിതവണ നിവേദനം നൽകി. മൂന്ന്‌ മാസംമുമ്പ് വകുപ്പുമന്ത്രി കോളേജ് സന്ദർശിച്ചപ്പോൾ ഹൗസ് സർജൻസ് അസോസിയേഷൻ കോളേജിലെ ന്യൂനതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കത്തുനൽകിയിരുന്നു. വേണ്ട രീതിയിൽ പരിഗണിക്കാമെന്നാണ്‌ മന്ത്രി പറഞ്ഞത്‌. ഹ‍ൗസ്‌ സർജന്മാർ നടത്തുന്നത്‌ രാഷ്‌ട്രീയസമരമാണെന്നും ചില ലക്ഷ്യങ്ങളുണ്ടെന്നും വി കെ ശ്രീകണ്ഠൻ എംപി അധിക്ഷേപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home