വൈറ്റിലയിലെ വൈദ്യുതി പ്രതിസന്ധി
പ്രശ്നങ്ങൾ യുഡിഎഫ് സർക്കാർ നയത്തിന്റെ ഫലം

കളമശേരി
വൈറ്റില ഇലക്ട്രിക്കൽ സെക്ഷനിൽ ഞായർ പുലർച്ചെയുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് കാരണം യുഡിഎഫ് സർക്കാർനയമാണെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) വാർത്താക്കുറിപ്പിൽ പറഞ്ഞു. ഓഫീസിലെ ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ നോർത്ത് പറവൂർ സെക്ഷനിലേക്ക് ഒരു സബ് എൻജിനീയറെ ജോലി ക്രമീകരണത്തിനായി വിട്ടതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.
ജില്ലയിലെ പ്രധാന സെക്ഷനുകളിലൊന്നായ വൈറ്റിലയിൽ കഴിഞ്ഞ ഏപ്രിലിൽ അസിസ്റ്റന്റ് എൻജിനീയർ വിരമിച്ചുവെങ്കിലും ആ ഒഴിവിൽ ഇതുവരെ ആരെയും നിയോഗിച്ചിട്ടില്ല. അസി. എൻജിനീയറുടെ ഉത്തരവാദിത്വംകൂടി കൈകാര്യം ചെയ്തിരുന്നത് തൊട്ടുതാഴെയുള്ള സബ് എൻജിനീയറാണ്. മൂന്ന് സബ് എൻജിനീയർ ഉണ്ടായിരുന്ന വൈറ്റില ഓഫീസിൽനിന്ന് മാനേജ്‌മെന്റ് ഒരാളെ മാറ്റി. അധിക ജോലിഭാരം നിലവിലെ ജീവനക്കാർക്ക് താങ്ങാനാകില്ല. ആവശ്യത്തിന് ജീവനക്കാരെ സൂപ്പർവൈസറി കേഡറിൽ നിയോഗിക്കേണ്ടതിനുപകരം തൃപ്പൂണിത്തുറ ഡിവിഷനിലെ മേലുദ്യോഗസ്ഥർ നിലവിലെ സബ് എൻജിനീയറെ റിലീവ് ചെയ്യിക്കുകയാണ് ചെയ്തത്.
തൃപ്പൂണിത്തുറ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറും എറണാകുളം സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറും അനധികൃതമായി നടത്തിയിട്ടുള്ള ജോലി ക്രമീകരണം റദ്ദ് ചെയ്ത് നിലവിൽ അവിടെ നിയോഗിച്ച സബ് എൻജിനീയറെ തിരികെ സെക്ഷനിൽ കൊണ്ടുവരാനും ഉപഭോക്താക്കൾക്ക് കാര്യക്ഷമമായ സേവനം ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മികച്ച പ്രവർത്തനം നടത്തിയിരുന്ന വൈദ്യുതിമേഖല കാര്യക്ഷമമല്ല എന്ന് വരുത്തിത്തീർത്ത് സ്വകാര്യവൽക്കരിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റങ്ങൾക്കെതിരെ അസോസിയേഷൻ ചൊവ്വാഴ്ച വൈദ്യുതിഭവൻ മാർച്ചും ധർണയും നടത്തുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.









0 comments