പൊലീസും എംവിഡിയും നോക്കുകുത്തി
കൊലക്കളമായി നിരത്തുകൾ

എറണാകുളം നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ ഒരു ബസിനെ മറികടക്കുന്ന മറ്റൊരു സ്വകാര്യബസ്

സ്വന്തം ലേഖകൻ
Published on Sep 07, 2026, 02:05 AM | 2 min read
കൊച്ചി
റോഡുകളെ ചോരക്കളമാക്കി സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ. ജീവനക്കാരുടെ തമ്മില്‍ത്തല്ലും മറ്റുയാത്രക്കാർക്ക് നേരെയുള്ള ഭീഷണികളും ഭീതി വിതക്കുകയാണ്. പൊലീസും മോട്ടോർവാഹനവകുപ്പും നോക്കുകുത്തിയായതോടെയാണ് ഭീതിജനകമായ അവസ്ഥ.
ഹോണടിച്ചതിൽ പ്രകോപിതനായി കാർയാത്രികനായ പ്രവാസി മലയാളിയെ ഭീഷണിപ്പെടുത്തിയ സ്വകാര്യബസ് ക്ലീനർ അറസ്‌റ്റിലായതാണ് ഒടുവിലുണ്ടായ സംഭവം.
കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറാണ് (23) നോർത്ത് പൊലീസിന്റെ പിടിയിലായത്. ആഗസ്‌ത് ഒന്പതിന് കലൂർ ദേശാഭിമാനി ജങ്‌ഷനിലായിരുന്നു സംഭവം. പ്രവാസി മലയാളിയായ ഷാജി ജോസ് കൺട്രോൾ റൂമിൽ വിളിച്ച് കൃത്യമായ സ്ഥലവും മെട്രോപില്ലര്‍ നമ്പറും പറഞ്ഞപ്പോൾ പൊലീസ് സ്റ്റേഷന്‍ പരിധി ഏതാണെന്ന മറുചോദ്യമാണുണ്ടായത്. ആഗസ്‌ത് ഒന്പതിനുണ്ടായ സംഭവത്തിൽ പ്രതിയെ പിടികൂടിയത് കഴിഞ്ഞദിവസമാണ്.
ബസ് ജീവനക്കാര്‍ കുറ്റക്കാരായ നിരവധി കേസുകളാണ് അടുത്തിടെ ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തത്. നിയമപാലകരുടെ അനാസ്ഥയും ജീവനക്കാരിൽ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്‌ചകളും മേഖലക്കാകെ ദുഷ്‌പേര് കേൾപ്പിക്കുകയാണ്. സമയക്രമത്തെ ചൊല്ലി ജീവനക്കാർ ഏറ്റുമുട്ടിയതും സ്വകാര്യബസ് ഡ്രൈവർ ഓട്ടോറിക്ഷക്കാരനെ മർദിച്ചതുമെല്ലാം സമീപനാളുകളിലാണ്. മത്സരയോട്ടവും അശ്രദ്ധമായ ഡ്രൈവിങ്ങും പൊതുനിരത്തുകളിൽ ജീവനെടുക്കുന്നുണ്ട്.
സ്വകാര്യബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചതും ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തൊഴിലാളി ബസിടിച്ച് മരിച്ചതുമെല്ലാം ഞെട്ടലുണ്ടാക്കിയിരുന്നു. നഗരത്തിലോടുന്ന പല ബസുകൾക്കും സ്ഥിരം ഡ്രൈവർമാരില്ല. ഓരോദിവസവും ഓരോരുത്തര്‍ എന്ന രീതിയാണ്. ലഹരി ഉപയോഗിക്കുന്നവരും ഏറെ. ഇവ പരിശോധിക്കാനോ നടപടിയെടുക്കാനോ ബന്ധപ്പെട്ട അധികൃതർ തയ്യാറാകാത്തതോടെ അപകടങ്ങളും അക്രമസംഭവങ്ങളും അവസാനമില്ലാതെ തുടരുകയാണ്.
ഒച്ച് തോൽക്കുമല്ലോ പൊലീസേ
ക്ലീനറെ പിടിച്ചത് ഒരുമാസമായപ്പോൾ; അന്വേഷണത്തിനിടയിലും ഭീഷണി
കൊച്ചി
ഹോണടിച്ചതിൽ പ്രകോപിതനായി കാർ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ക്ലീനറെ പൊലീസ് പിടിച്ചത് സംഭവം നടന്ന് ഒരുമാസമാകുന്പോൾ. ആഗസ്‌ത് ഒന്പതിന് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ബസ് ക്ലീനറായ കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറിനെ (23) നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പൊലീസ് അന്വേഷിക്കുന്പോൾ സമാനമായി മറ്റൊരു ഡ്രൈവറെയും ഇയാൾ ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നു.
ആഗസ്‌ത് 22ന് ആയിരുന്നു രണ്ടാമത്തെ സംഭവം. പാലാരിവട്ടത്തുനിന്ന് പടമുഗളിലേക്ക് പോകുകയായിരുന്ന കാർ യാത്രികൻ റെജിൻസിനെയാണ് മുഹമ്മദ് അൻസാർ ഭീഷണിപ്പെടുത്തിയത്. വാഴക്കാലയിൽ എത്തിയപ്പോൾ കാറിന് തടസ്സമായി ബസ് നിർത്തുകയായിരുന്നു. തുടർന്ന് റെജിൻസ് ഹോണടിച്ചപ്പോൾ ബസ്സിൽനിന്ന് മുഹമ്മദ് അൻസാർ പുറത്തിറങ്ങിവന്ന് കാറിന്റെ ബോണറ്റിൽ അടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര എസ്‌ഐ സ്‌റ്റേഷനിൽ വരാൻ റെജിൻസിനോട് പറഞ്ഞു. അവിടെ ചെന്നപ്പോൾ ബസ് ഉടമയുണ്ടായിരുന്നു. ബസ് ഉടമ കാർ യാത്രികനെ ചോദ്യംചെയ്‌തു. പിഴയിടുമെന്ന് പൊലീസ് അറിയിച്ചെങ്കിലും തൃപ്‌തി വരാതിരുന്നതിനാൽ സിറ്റി പൊലീസ് കമീഷണർക്കും മുഖ്യമന്ത്രിക്കും ഇ–മെയിൽ വഴി പരാതി നൽകി. പരാതി തൃക്കാക്കര പൊലീസിന് കൈമാറിയതായി കമീഷണറുടെ മറുപടി മെയിൽ വന്നു. പിന്നീടൊന്നുമുണ്ടായില്ല.
കഴിഞ്ഞ ദിവസം മുഹമ്മദ് അൻസാറിനെ പിടികൂടിയത് അറിഞ്ഞപ്പോഴാണ് തന്നെയും ഭീഷണിപ്പെടുത്തിയത് ഇയാളാണെന്ന് റെജിൻസിന് മനസിലായത്. ഒന്പതിന് പ്രവാസി മലയാളി നൽകിയ പരാതിയിൽ പൊലീസ് കൃത്യമായ നടപടിയെടുത്തിരുന്നെങ്കിൽ തനിക്കിങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആഗസ്‌ത് ഒന്പതിന് പ്രവാസി മലയാളിയായ ഷാജി ജോസാണ് ഭീഷണിക്കിരയായത്. കാറിലുണ്ടായിരുന്ന ഷാജിയും കുടുംബവും കൺട്രോൾ റൂമിൽ വിവരം അറിയിച്ചപ്പോൾ ഏത് പൊലീസ് സ്‌റ്റേഷൻ പരിധിയാണെന്നായിരുന്നു മറുചോദ്യം. അൻസാറിനെ നിസാരവകുപ്പ് ചുമത്തി ജാമ്യത്തിൽവിട്ടു.









0 comments