ഇന്ന് സംസ്ഥാന കായിക ദിനം
സ്റ്റാർട്ടിങ് പിഴച്ചു; ട്രാക്ക് തെറ്റിയോടുന്ന കേരള കായിക രംഗം

'കേരളം വിടാൻ ആലോചിക്കുന്നു, ഇന്ത്യയുടെ അഭിമാനമായി മാറിയിട്ടും സംസ്ഥാന കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നോട് നേരിട്ട് സംസാരിക്കാനോ അഭിനന്ദിക്കാനോ പോലും തയ്യാറായില്ല'- ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിലെ വെള്ളി മെഡൽ ജേതാവായ ആൻസി സോജന്റെ വാക്കുകളിൽ എല്ലാമുണ്ട്.
കായിക കേരളത്തിന് അടിത്തറ പാകിയ ജി വി രാജയുടെ ജന്മദിനമായ ഒക്ടോബർ 13, കേരളം സംസ്ഥാന കായികദിനമായി ആചരിക്കുമ്പോൾ തിരിഞ്ഞുനോക്കാൻ പോലും ആരുമില്ലാതെ സമ്പൂർണ്ണ തകർച്ചയിലേക്ക് കായികമേഖല കൂപ്പുകുത്തുകയാണ്. കേരളത്തിന്റെ കായിക കൗമാര സ്വപ്‌നങ്ങൾക്ക് ചിറക് നൽകിയ ‘സ്‌കൂൾ ഒളിമ്പിക്‌സ്’ എന്ന ആശയം പോലും യുഡിഎഫ് സർക്കാർ തകർക്കുന്ന വേളയിലാണ് കേരളം കായിക ദിനം ആഘോഷിക്കുന്നത്.
അവഗണനയിൽ താരങ്ങൾ കേരളം വിടുന്നു
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയിട്ടും യുഡിഎഫ് സർക്കാർ അവഗണന തുടർന്നതോടെയാണ് ഇന്ത്യയുടെ ലോങ് ജമ്പ് താരങ്ങളായ ആൻസി സോജനും എം ശ്രീശങ്കറും അതൃപ്തി പരസ്യമാക്കിയത്. ഇരുവരെയും സ്വന്തമാക്കാൻ മറ്റ് സംസ്ഥാനങ്ങൾ പിന്നാലെകൂടി. ഒളിന്പിക്‌സ് മെഡൽ നേടാനാവശ്യമായ സഹായങ്ങൾ ഉൾപ്പെടെ വാഗ്‌ദാനം ചെയ്‌താണ് മറ്റുസംസ്ഥാനങ്ങളെത്തിയിരിക്കുന്നത്. കേരളത്തിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഇരുവരും ഉയർത്തിയതിനുപിന്നാലെ വമ്പൻ ഓഫറുകളുമായി തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പിന്നാലെ കൂടിയിയിരിക്കുന്നത്.
കേരള സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം, അർഹമായ സ്വീകരണം എന്നിവ ഇനിയും നൽകാത്ത സാഹചര്യത്തിലാണ് ഇരുവരും പ്രതികരിച്ചത്. മറ്റ് സംസ്ഥാനങ്ങൾ അവരുടെ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകി. കേരളം മാത്രമാണ് ഇതുവരെ നൽകാത്തത്. ഏഷ്യൻ ഗെയിംസിൽ സ്വർണംനേടുന്ന മലയാളികൾക്ക് 50 ലക്ഷം, വെള്ളിനേടുന്നവർക്ക് 30 ലക്ഷം, വെങ്കലം നേടുന്നവർക്ക് 20 ലക്ഷം എന്നിങ്ങനെ നൽകുമെന്ന് കായിക മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പാലിച്ചിട്ടില്ല. മെഡൽനേടി കേരളത്തിന്റെ അഭിമാന താരങ്ങൾ നാട്ടിലെത്തിയിട്ടും ഒൗദ്യോഗീക സ്വീകരണംപോലും ഒരുകിയില്ല. അഞ്ച് മാസം കൊണ്ട് കേരളത്തിലെ കായികമേഖല എത്തിച്ചേർന്ന ദൈന്യാവസ്ഥയുടെ തെളിവാണിത്.
സ്‌കൂൾ ഒളിമ്പിക്‌സിനെ വെട്ടി
ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സിനും ഗെയിംസ് ഇനങ്ങൾക്കും തുല്യപ്രാധാന്യവും ഒറ്റ വേദിയും ഒരുക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ തുടക്കമിട്ട സ്‌കൂൾ ഒളിമ്പിക്‌സ് ആശയത്തെ യുഡിഎഫ് അട്ടിമറിച്ചു. സ്കൂൾ ഒളിമ്പിക്‌സിന്റെ വേദിയായി പ്രഖ്യാപിച്ച കോഴിക്കോട് നടക്കുന്നത് വെറും 12 ഇനങ്ങൾ മാത്രം. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായിക മേളയിൽ 32 ഇനങ്ങൾക്കും വേദിയായത് തലസ്ഥാന ജില്ല തന്നെയായിരുന്നു.
ജില്ലാ കായിക മേളയുടെ നടത്തിപ്പ് മുതൽ എല്ലാം അവതാളത്തിലായി. കഴിഞ്ഞ എട്ടു വർഷം സിന്തറ്റിക് ട്രാക്കിൽ നടന്ന കോട്ടയം ജില്ലാ സ്‌കൂൾ കായികമേള ഇത്തവണ മൺട്രാക്കിലാണ് നടന്നത്. ജില്ലാ മീറ്റ് നടന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ് കോളേജിൽ പോൾവോൾട്ട് പിറ്റുമില്ല. മറ്റ് ജില്ലകളിലെയും മേള സമാന രീതിയിലാണ് നന്നത്. കേരള സ്‌കൂൾ കായികമേള നടത്തിപ്പും പാളി. നീന്തൽ മത്സരത്തിനിടെ തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലെ താൽക്കാലിക പന്തൽ തകർന്ന് അഞ്ച് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. മേളയുടെ നടത്തിപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സ്വപ്നങ്ങൾക്ക് ചിറക് നൽകിയത് എൽഡിഎഫ്
കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണം കായികമേഖലയുടെ സുവർണകാലമായിരുന്നു. കിഫ്ബി ഫണ്ടും കായികവകുപ്പിന്റെ ഫണ്ടും ഉൾപ്പെടെ 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസനമാണ് കായികമേഖലയിൽ നടപ്പാക്കി. 2016ൽ കേവലം രണ്ട് സിന്തറ്റിക് ട്രാക്കുകൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നത് 25 ആണ്. 10 വർഷത്തിനിടെ 22 സിന്തറ്റിക് ട്രാക്ക് പുതുതായി നിർമിച്ചു. അഞ്ച് എണ്ണത്തിന്റെ നിർമ്മാണം നടക്കുകയാണ്. സ്‌പോർട്‌സ് ക്വാട്ടയില്ലും റെക്കോഡ് നിയമമാണ് നടന്നത്. ഈ കാലയളവിൽ 994 കായികതാരങ്ങൾക്ക് നിയമനം നൽകി. 2011-16 ൽ 110 പേർക്കാണ് സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം നൽകിയത്.
ജി വി എന്ന കേണൽ ഗോദവർമ്മരാജ
കേരളത്തിന്റെ കായിക ചരിത്രത്തിന്റെ പിതാവ് ജി വി എന്ന കേണൽ ഗോദവർമ്മരാജ ജന്മദിവസമാണ് കേരള കായികദിനമായി ആചരിക്കുന്നത്. 1954 ൽ കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയത് അദ്ദേഹമായിരുന്നു. ഇതിനും മുമ്പ് തിരുവിതാംകൂർ ഫുട്ബോൾ അസോസിയേഷൻ രൂപവത്കരിച്ചപ്പോൾ അതിന്റെ മുന്നണിയിലും ജിവി രാജയുണ്ടായിരുന്നു. ടെന്നീസ്, ഫുട്ബോൾ, ക്രിക്കറ്റ് രംഗങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് അസോസിയേഷനുകൾക്ക് രൂപം നൽകി. തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ബിസിസിഐയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ കേരള സ്പോർട്സ് കൗൺസിലായി മാറി. ട്രിവാൻഡ്രം ഗോൾഫ് ക്ലബ് കമ്മിറ്റി, വേളി ബോട്ട് ക്ലബ്, ട്രിവാൻഡ്രം ഫ്ലയിങ്ങ് ക്ലബ് എന്നിവയും അദ്ദേഹം സ്ഥാപിച്ചതാണ്.









0 comments