print edition മിഷൻ സമുദ്രയ്ക്ക് കളമൊരുക്കാൻ ഉന്നത ഉദ്യോഗസ്ഥരെ മാറ്റുന്നു; സർക്കാർ നടപടി ദുരൂഹം


സ്വന്തം ലേഖകൻ
Published on Nov 28, 2026, 01:12 AM | 1 min read
തിരുവനന്തപുരം: കേരളതീരത്തെ വൻകിട കോർപറേറ്റുകൾക്ക് തീറെഴുതുന്ന മിഷൻ സമുദ്ര നടപ്പാക്കാനായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ (വിസിൽ) പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ മാറ്റി സംസ്ഥാന സർക്കാർ. ഏറ്റവും ഒടുവിലായി നിലവിലെ സിഇഒ ശ്രീകുമാർ കെ നായരെയാണ് മാറ്റിയത്. പകരം മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശപ്രകാരം ആലുവ സ്വദേശി അസീം ഇസ്മായിലിനെ നിയമിച്ചു. തുറമുഖത്തിലോ അനുബന്ധ മേഖലയിലോ മുൻപരിചയവുമില്ലാത്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
മിഷൻ സമുദ്ര ഫലപ്രദമായി നടപ്പാക്കാനും ഏകോപിപ്പിക്കാനുമാണ് പുതിയ നിയമനമെന്നാണ് സർക്കാർ ഭാഷ്യം. കഴിഞ്ഞ ജൂലൈയിൽ വിസിലിന്റെ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കി ജൂനിയറായ ജെറോമിക് ജോർജിനെ നിയമിച്ചിരുന്നു. പിന്നാലെ വിഴിഞ്ഞം തുറമുഖ കമ്പനിയിലെ അദാനി ഗ്രൂപ്പിനുള്ള ഓഹരിവിൽപ്പന നീക്കം സജീവമായി. മുഖ്യമന്ത്രിയാകുംമുമ്പ് അദാനി ഗ്രൂപ്പ് ഒരുക്കിയ ചാർട്ടേഡ് വിമാനത്തിൽ വി ഡി സതീശന്‍ മംഗളൂരു യാത്ര നടത്തിയതും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ കേൽക്കറെത്തന്നെ തുറമുഖ സെക്രട്ടറിയാക്കിയതും ആസൂത്രിതമാണ്.
അടിസ്ഥാന സൗകര്യ വികസനത്തിൽ 40 വർഷത്തോളം പ്രവർത്തിച്ചയാളാണ് ശ്രീകുമാരൻ നായർ. കേന്ദ്ര–-- സംസ്ഥാന സർക്കാർ പദ്ധതികളുടെ കൺസൾട്ടന്റുമായിരുന്നു.
സമുദ്രവും തീരവും വൻകിട കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ ചുവടുപിടിച്ചാണ് യുഡിഎഫ് സർക്കാർ മിഷൻ സമുദ്ര പ്രഖ്യാപിച്ചത്. കേരളത്തിന്റെ 600 കിലോമീറ്റർ തീരം ഉപയോഗപ്പെടുത്തി മാരിടൈം സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി രഹസ്യമായും പരസ്യമായും കോർപറേറ്റുകളുമായി ചർച്ച നടത്തുകയാണ് മുഖ്യമന്ത്രി.








0 comments